തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച കഥാചിത്രത്തിനുള്ള പുരസ്കാരം വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ നേടി, രണ്ടാമത്തെ കഥാചിത്രം ഒറ്റയടിപ്പാത. മികച്ച നടന്‍ വിനായകന്‍. കമ്മട്ടിപ്പാടത്തിലെ ഗംഗന്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനാണ് പുരസ്കാരം. അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്ിലെ അഭിനയത്തിന് രജിഷ വിജയന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

കമ്മട്ടിപ്പാടം എന്ന പ്രദേശം ഇന്നു കാണുന്ന കൊച്ചി നഗരമായതാണ് കമ്മട്ടിപ്പാടത്തിന്റെ പ്രമേയം. ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മാണിക്യന്‍, ഷൗണ്‍ റോമി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് ഇതുവരെ ലഭിച്ചിരിക്കുന്നത് നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടന്മാര്‍ക്കാണ്. ഇവിടെ കമ്മിട്ടിപ്പാടത്തില്‍ ‘കഥാനായകന്‍’ വിനായകനാണെങ്കിലും നായകനായത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. കഥ പറച്ചിലിനപ്പുറം തിയേറ്ററുകളില്‍ ‘തുറുപ്പു ചീട്ട്’ മാത്രമായിരുന്നു ദുല്‍ഖര്‍ എന്ന് വേണമെങ്കില്‍ വിലയിരുത്താം. കമ്മട്ടിപ്പാടത്തില്‍ താനല്ല വിനായകനാണ് നായകനെന്ന് ദുല്‍ഖര്‍ സല്‍മാന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. കമ്മട്ടിപ്പാടത്തിനിപ്പുറം എത്രയോ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എവിടെയും വിനായകന്‍ മികച്ച നടനായില്ല. മികച്ച അഭിനയമാണെങ്കില്‍ പോലും സഹനടന്മാര്‍ക്ക് അവാര്‍ഡ് നല്‍കി പുതിയ ചരിത്രം സൃഷ്ടിക്കാന്‍ ആരും തയ്യാറായില്ല. എന്നാല്‍ അര്‍ഹിച്ച ബഹുമതി നല്‍കിയാണ് സംസ്ഥാനം വിനായകനെ ആദരിക്കുന്നത്.

ഇത്തവണ ജൂറിക്കു മുന്നിൽ 68 ചിത്രങ്ങളാണ് അവാർഡിനായി മത്സരിക്കാനെത്തിയത്. കഴിഞ്ഞ വർഷം 84 ചിത്രങ്ങളുണ്ടായിരുന്നു. 10 ചിത്രങ്ങൾ അവസാന റൗണ്ടിലെത്തി. അടൂർ ഗോപാലകൃഷ്ണന്റെ പിന്നെയും, ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം, ഡോ.ബിജുവിന്റെ കാട് പൂക്കുന്ന നേരം, വിധു വിൻസെന്റിന്റെ മാൻഹോൾ, ഷാനവാസ് കെ. ബാവുട്ടിയുടെ കിസ്മത്ത്, ജൂഡ് ആന്റണി ജോസഫിന്റെ ഒരു മുത്തശി ഗദ, പ്രിയദർശന്റെ ഒപ്പം, ജോൺ പോൾ ജോർജിന്റെ ഗപ്പി, വൈശാഖിന്റെ പുലിമുരുകൻ, രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയത്. ഇതില്‍ മാന്‍ഹോളാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഗപ്പിയിലെ പ്രകടനത്തിന് ചേതൻലാല്‍ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ