scorecardresearch
Latest News

തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് കണക്ക് നല്‍കാത്ത 9016 പേരെ അയോഗ്യരാക്കി

ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം പ്രചാരണ ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. ഇതിൽ വീഴ്ച വരുത്തിയവരെയും പരിധിയിൽ കൂടുതൽ തുക ചെലവഴിച്ചവരെയുമാണു അഞ്ച് വര്‍ഷത്തേക്ക് അയോഗ്യരാക്കിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് കണക്ക് നല്‍കാത്ത 9016 പേരെ അയോഗ്യരാക്കി

തിരുവനന്തപുരം: ഇക്കഴിഞ്ഞ തദ്ദേശഭരണ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച 9016 പേരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍ അയോഗ്യരാക്കി. നിശ്ചിത സമയത്തിനകം ചെലവ് കണക്ക് സമര്‍പ്പിക്കാതിരിക്കുകയോ പരിധിയില്‍ കൂടുതല്‍ തുക ചെലവഴിക്കുകയോ ചെയ്തവരെയാണ് അയോഗ്യരാക്കിയത്.

ഉത്തരവ് തീയതിയായ ഓഗസ്റ്റ് 23 മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് അയോഗ്യത. തദ്ദേശ സ്ഥാപനങ്ങളില്‍ അംഗങ്ങളായി തുടരുന്നതിനോ മത്സരിക്കുന്നതിനോ അയോഗ്യതയുണ്ടാകും. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിലെ പ്രസക്ത വ്യവസ്ഥകള്‍ പ്രകാരമാണ് കമ്മിഷന്റെ നടപടി.

അയോഗ്യരാക്കിയ 436 പേര്‍ കോര്‍പ്പറേഷനുകളിലേക്കും 1266 പേര്‍ മുനിസിപ്പാലിറ്റികളിലേക്കും 71 പേര്‍ ജില്ലാ പഞ്ചായത്തുകളിലേക്കും 590 പേര്‍ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 6653 പേര്‍ ഗ്രാമപഞ്ചായത്തുകളിലേക്കുമാണ് മത്സരിച്ചത്. ഇവരുടെ പേരുവിവരം http://www.sec.kerala.gov.in സൈറ്റില്‍ ലഭ്യമാണ്.

ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. വീഴ്ച വരുത്തിയവര്‍ക്കും പരിധിയില്‍ കൂടുതല്‍ ചെലവഴിച്ചവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ചെലവ് കണക്കോ കാരണമോ ബോധിപ്പിക്കാത്തവരുടെ കരട് ലിസ്റ്റ് ജൂലൈ അഞ്ചിനു വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് വീഴ്ച വരുത്തിയവരെ അയോഗ്യരാക്കിയത്.

മട്ടന്നൂര്‍ നഗരസഭ ഒഴികെ 1199 തദ്ദേശ സ്ഥാപനങ്ങളില്‍ 2020 ഡിസംബറിലാണ് പൊതുതിരഞ്ഞെടുപ്പ് നടന്നത്. 21,865 വാര്‍ഡുകളിലായി ആകെ 74,835 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.

അയോഗ്യരാക്കപ്പെട്ടവര്‍ തദ്ദേശസ്ഥാപനങ്ങളില്‍ അംഗങ്ങളായി തുടരുന്നില്ലായെന്നും അഞ്ച് വര്‍ഷത്തേക്കു തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലായെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പാക്കും. ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയ്ക്കു കലക്ടറും ഗ്രാമപഞ്ചായത്തിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമാണ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍.

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും 1.50 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും 75,000 രൂപയും ഗ്രാമപഞ്ചായത്തില്‍ 25,000 രൂപയുമാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: State election commission disqualifies 9016 candidates local body elections 2020