തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജനുവരി എട്ടു മുതൽ വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എൽഡിഎഫ് നേട്ടമുണ്ടാക്കിയ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടടുത്ത ദിവസമാണ് മന്ത്രിസഭാ യോഗം ചേർന്നത്.

ഓഗസ്റ്റിലാണ് നിയമസഭ ഏറ്റവും ഒടുവിൽ സമ്മേളിച്ചത്. സമ്മേളനത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയടക്കം ആരോപണങ്ങളുയർന്ന പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം.

14ാം നിയമസഭയുടെ അവസാന സമ്മേളനമാണ് ജനുവരിയിൽ നടക്കുന്നത്. എട്ടിന് ആരംഭിക്കുന്ന സമ്മേളനം 22നാവും അവസാനിക്കുക. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. ജനുവരി 15നാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക.

തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ ജനുവരിയിൽ നടക്കുന്ന സമ്മേളനത്തിൽ സർക്കാരിന് ആത്മവിശ്വാസത്തോടെ സഭയെ അഭിമുഖീകരിക്കാം. കാലാവധി തികയ്ക്കാനൊരുങ്ങുന്ന സർക്കാരിനെ സംബന്ധിച്ച് ഈ സമ്മേളനം നിർണായകമാണ്.

Read More: ‘സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം’; അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

അതേസമയം വിവിധ സര്‍ക്കാര്‍ ഡെന്‍റല്‍ കോളേജുകളില്‍ 32 തസ്തികകള്‍ സൃഷ്ടിക്കുന്നതടക്കമുള്ള തീരുമാനങ്ങളും വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗം കൈക്കൊണ്ടു. അസിസ്റ്റന്‍റ് പ്രൊഫസര്‍ – 9, അസോസിയേറ്റ് പ്രൊഫസര്‍ – 22, പ്രൊഫസര്‍ – 1 എന്നിങ്ങനെയാണ് പുതുതായി സൃഷ്ടിക്കുന്ന തസ്തികകൾ. 16 അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികകള്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളാക്കി ഉയര്‍ത്താനും യോഗം തീരുമാനിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ 17 അധിക തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് കൂടുതല്‍ പേരെ നിയമിക്കുന്നത്.

ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറായി കാസര്‍കോട് ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനെ നിയമിക്കാന്‍ തീരുമാനിച്ചു. മൂന്നുവര്‍ഷമാണ് കാലാവധി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.