കൊച്ചി: എസ്.ബി.ടി-എസ്.ബി.ഐ ലയന നടപടികൾ പുരോഗമിക്കേ വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കാത്തവർക്കെതിരെ ജപതി നടപടികളും ശക്തമാക്കി. ഇതേ തുടർന്ന് ഒന്നര ലക്ഷം രൂപ എസ്.ബി.ടി കോലഞ്ചേരി ശാഖയിൽ നിന്ന് വായ്പയെടുത്ത് ഓട്ടോ റിക്ഷ വാങ്ങിയ ദളിത് കുടുംബം വഴിയാധാരമായി.

മുപ്പത് ലക്ഷത്തിലധികം വിലമതിക്കുന്ന റോഡരികിലെ 900 സ്ക്വയർഫീറ്റ് വീടും അഞ്ച് സെന്റ് പുരയിടവുമാണ് പുത്തൻകുരിശ് ചോയിക്കരമുകൾ സി.കെ തങ്കച്ചന് നഷ്ടമായത്. 1,52, 459 രൂപ വായ്പയെടുത്ത കുടുംബം 1,05,000 രൂപ തിരിച്ചടച്ചിരുന്നു. കരൾ രോഗം ബാധിച്ച് അത്യാസന്ന നിലയിൽ തങ്കച്ചൻ കിടപ്പിലായതോടെ വായ്പ തിരിച്ചടവ് മുടങ്ങി. ഇത് ഇന്ന് ഒന്നര ലക്ഷം രൂപയായി മാറി. രോഗവും ശാരീരിക വിഷമതകളും വ്യക്തമാക്കി ഇളവനുവദിക്കണമെന്ന അപേക്ഷ തങ്കച്ചൻ നൽകിയിരുന്നു. ഇതിന് ശേഷം 1.23 ലക്ഷം രൂപ വേഗം തിരിച്ചടയ്ക്കണമെന്ന നിർദ്ദേശമാണ് ബാങ്ക് നൽകിയത്. “രണ്ട് മാസത്തെ അവധി ചോദിച്ചെങ്കിലും, തിരിച്ചടവിന് സമയം അനുവദിക്കാനാവില്ലെന്ന് പറഞ്ഞ് ബാങ്ക് ജപ്തി ചെയ്യാൻ വരികയായിരുന്നു” തങ്കച്ചൻ പറഞ്ഞു.

Thankachan, SBT, confiscated house,

തങ്കച്ചനും കുടുംബവും ജപ്തി ചെയ്യപ്പെട്ട വീടിന് മുന്നിൽ

സർഫാസി നിയമ വിരുദ്ധ ജനകീയ സമര സമിതി പ്രശ്നത്തിൽ ഇടപെട്ട് കോലഞ്ചേരിയിലെത്തി. ദളിതർക്കും ദരിദ്രർക്കുമെതിരായാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നതെന്ന കുറ്റപ്പെടുത്തലോടെ ഇവർ ബാങ്കിന് മുന്നിൽ കുത്തിയിരുന്നു. ഹൈക്കോടതിയിൽ ജപ്തിക്കെതിരെ തങ്കച്ചൻ ഹർജി സമർപ്പിച്ചിട്ടുണ്ട്.

പ്രശ്ന പരിഹാരത്തിനായി വി.പി സജീന്ദ്രൻ എം.എൽ.എ യെയും എസ്.സി-എസ്.ടികമ്മിഷനെയും സർഫാസി വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ തങ്കച്ചൻ സമീപിച്ചു. അനുകൂല നിലപാട് പൂർണ്ണ അർത്ഥത്തിൽ ആരും പ്രഖ്യാപിച്ചില്ലെന്ന ദു:ഖത്തിലാണ് ഇവർ.
SBT, Bank Confiscated house, Autorikshaw Driver, Lung Patient

അതേസമയം ജപ്തി ബാങ്കിന്റെ സ്വാഭാവിക നടപടിക്രമമാണെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്. എറണാകുളം എ.സി.ജെ.എം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജപ്തി നടപ്പാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.