കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ലയിക്കാനുള്ള തീരുമാനം യാഥാർത്ഥ്യമായതോടെ എസ്ബിടി ഓർമ്മയാകുന്നു. മാർച്ച് 31 ന് ശേഷം എല്ലാ എസ്ബിടി ബ്രാഞ്ചുകളും എസ്ബിഐ എന്ന പേരിലാവും പ്രവർത്തിക്കുക. ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ ഉത്തരവിൽ എസ്ബിടിയുടെ ഇടപാടുകാരെല്ലാം ഏപ്രിൽ ഒന്ന് മുതൽ എസ്ബിഐ ഇടപാടുകാരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ 852 ശാഖകളാണ് എസ്ബിടി യ്ക്ക് ഉള്ളത്. എസ്ബിഐ ക്ക് 466 ശാഖകളുണ്ട്. ഇതോടൊപ്പം എസ്ബിഐ യിൽ ലയിക്കുന്ന മറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആന്ററ് ജയ്പൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവർക്കും കേരളത്തിലെ പ്രധാന നഗരങ്ങളിൽ ശാഖകളുണ്ട്. ഇതോടെ ഏപ്രിൽ ഒന്നിന് കേരളത്തിൽ എസ്ബിഐ ക്ക് 1350 തോളം ശാഖകളുണ്ടാകുമെന്നാണ് വിവരം. ഇതിൽ എസ്ബിടി ഒഴിച്ച് മറ്റ് ബാങ്കുകളുടെ ശാഖകളെല്ലാം മുഴുവനായും പൂട്ടും. ഇവയിലെ ഇടപാടുകാരെ ഇതിനോട് ചേർന്ന എസ്ബിടി അല്ലെങ്കിൽ എസ്ബിഐ ബ്രാഞ്ചുകളിലേക്ക് മാറ്റാനാണ് ആലോചന.
എസ്ബിടിയുടെ 300 ലധികം ശാഖകൾ കേരളത്തിൽ മാത്രം അടച്ചുപൂട്ടുമെന്നാണ് വിവരം. എസ്ബിഐ യുടെ ബ്രാഞ്ചുകളും പൂട്ടുന്നവയിലുണ്ടാകും. 700 നും 850 നും ഇടയിൽ ബ്രാഞ്ചുകളുടെ എണ്ണം നിർത്താനാണ് ആദ്യഘട്ടത്തിൽ ആലോചന നടക്കുന്നത്. അതേസമയം ജീവനക്കാർക്ക് സ്വയം വിരമിക്കാനുള്ള അവസരം ബാങ്ക് നൽകിയിട്ടുണ്ട്. ആകെ 15000 ത്തോളം ജീവനക്കാരാണ് ഉള്ളത്. ഇവരിൽ എത്ര പേർ അവസരം ഉപയോഗപ്പെടുത്തി മുന്നോട്ട് വരുമെന്നാണ് മാനേജ്മെന്റ് ഉറ്റുനോക്കുന്നത്.
അടച്ചുപൂട്ടുന്നവയിൽ ഭൂരിഭാഗവും എസ്ബിടി ശാഖകൾ ആണ്. ഇതോടെ ഇവിടങ്ങളിലെ ജീവനക്കാർക്ക് മറ്റിടങ്ങളിലേക്ക് മാറേണ്ടി വരുമെന്ന കാര്യം ഉറപ്പായി. ഇവരിൽ നല്ല ശതമാനത്തിന് മറ്റ് സംസ്ഥാനങ്ങളിലേക്കും മാറേണ്ടി വരും. ഇതോടെ കടുത്ത അതൃപ്തിയിലാണ് എസ്ബിടി ജീവനക്കാർ