തിരുവനന്തപുരം: ബധിരര്‍ക്ക് ഇതുവരെ അന്യമായിരുന്ന ടെക്‌നിക്കല്‍ കോഴ്‌സുകള്‍ പഠിക്കുന്നതിന് സഹായകമായ വെബ് ആപ്ലിക്കേഷന്‍ ഇന്ത്യയിലാദ്യമായി കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ്‌യുഎം) മേല്‍നോട്ടത്തിലുള്ള ഡിജിറ്റല്‍ ആര്‍ട്‌സ് അക്കാദമി ഫോര്‍ ദ ഡെഫ് (ഡാഡ്) വികസിപ്പിച്ചു. ആംഗ്യഭാഷാ അധ്യാപകരില്ലാതെ തന്നെ ഇത് സാധ്യമാകും.
വിദ്യാഭ്യാസ മേഖലയിലെ സാങ്കേതിക ഉല്‍പ്പന്ന സ്റ്റാര്‍ട്ടപ്പായ ഡാഡ് ടാലി, ഫോട്ടോഷോപ്പ് ഉള്‍പ്പെടെയുള്ള ടെക്‌നിക്കല്‍ കോഴ്‌സുകള്‍ പഠിക്കുന്നതിനുള്ള വെബ് ആപ്ലിക്കേഷനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നവംബര്‍ 1 മുതല്‍ കോഴ്‌സുകള്‍ പഠിക്കാന്‍ അവസരം ലഭിക്കും.
തങ്ങള്‍ നേരിട്ട വെല്ലുവിളികള്‍ മറ്റുള്ളവര്‍ അഭിമുഖീകരിക്കരുത് എന്ന ലക്ഷ്യത്തോടെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി ആറ് ബധിരരും രണ്ട് ആംഗ്യഭാഷാ പരിഭാഷകരും ചേര്‍ന്ന് രൂപം നല്‍കിയതാണ് ഡാഡ് വെബ് ആപ്ലിക്കേഷന്‍. ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ടപ് മിഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ വെബ് ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തു. കെഎസ് യുഎം സിഇഒ ഡോ.സജി ഗോപിനാഥ്, ഡാഡ് സിഇഒ രമ്യാ രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇന്ത്യയിലെ 1.8 കോടി വരുന്ന ബധിരസമൂഹത്തിലെ ഭൂരിഭാഗവും 30 വയസ്സിന് താഴെയുള്ളവരാണെന്നും ഇവര്‍ക്ക് സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും രമ്യാ രാജ് പറഞ്ഞു. ഫലപ്രദമായി ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നതില്‍ ബധിരസമൂഹം അസംഖ്യം വെല്ലുവിളികള്‍ നേരിടുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.
മികച്ച നൂതന പ്ലാറ്റ്‌ഫോമായ ഡാഡിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായും ഓഫ്‌ലൈനായും കോഴ്‌സുകള്‍ ലഭ്യമാകും. ഇന്ത്യന്‍ ആംഗ്യ ഭാഷ, സ്വാഭാവിക ആംഗ്യ ഭാഷ, ഇംഗ്ലീഷ് സബ്‌ടൈറ്റിലോടുള്ള സാന്ദര്‍ഭികമായി വിവര്‍ത്തനം ചെയ്യുന്ന ആംഗ്യ ഭാഷ എന്നിവയിലൂടേയും കോഴ്‌സ് ലഭ്യമാകും.