തിരുവനന്തപുരം: കെഎസ്ആർടിസി സൂപ്പർക്ലാസ് ബസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകുന്നത് വിലക്കിയ ഹൈക്കോടതി വിധി മറികടക്കാൻ മോട്ടോർവാഹന ചട്ടം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനം. ഒരു നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് നിന്ന് കൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കുമെന്ന നിയമപദേശം സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്. ഇത് പ്രകാരം കെഎസ്ആര്‍ടിസിയുടെ അവസ്ഥ മനസിലാക്കിയാണ് ഉത്തരവ് ഇറക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അടുത്ത ആഴ്ച തന്നെ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി. മോട്ടോർ വാഹന ചട്ടം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി സർക്കാരിന് കത്ത് നൽകിയിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിച്ച സർക്കാർ ചട്ടം പരിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.

സീറ്റുള്ളതിന് അനുസരിച്ചു മാത്രമേ ആളുകളെ കയറ്റാവൂ എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഉയർന്ന നിരക്കുവാങ്ങുന്ന ബസുകളിൽ നിന്നു യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് പാലായിൽനിന്നുള്ള സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷന് നല്‍കിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്. ഉയർന്ന നിരക്കുവാങ്ങുന്ന ബസുകളിൽ ഇരുന്നു യാത്ര ചെയ്യാൻ യാത്രക്കാർക്ക് അവകാശമുണ്ടെന്നും മോട്ടോർ വാഹന ചട്ടം കെഎസ്ആർടിസി കർശനമായി പാലിക്കണമെന്നും കോടതി നിർദേശിച്ചു.

കെഎസ്ആർടിസിക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണു തീരുമാനം. ഹ്രസ്വദൂര യാത്രക്കാരാണു ബസിൽനിന്നു യാത്രചെയ്യുന്നതെന്ന് കെഎസ്ആർടിസി വാദിച്ചെങ്കിലും ഇത് അംഗീകരിക്കാൻ ഹൈക്കോടതി തയാറായില്ല. ഇപ്പോൾ ഉത്തരവ് അനുസരിക്കണം. പിന്നീട് വേണമെങ്കിൽ മോട്ടോർ വാഹനചട്ടം സർക്കാരിനു ഭേദഗതി ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ