കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ നിഥിനാമോള്‍ എന്ന വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒരാഴ്ചയോളം ആസൂത്രണം ചെയ്തതിന് ശേഷമാണ് പ്രതി അഭിഷേക് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
പെട്ടെന്ന് ഒരാളെ കൊല്ലുന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വിവിധ വെബ്സൈറ്റിലുടെ പ്രതി അഭിഷേക് മനസിലാക്കിയിരുന്നു. വിവരങ്ങള്‍ ലഭിക്കുന്നതിനായി നിരവധി വീഡിയോകള്‍ കണ്ടു. ചെന്നൈയില്‍ നടന്ന ഒരു കൊലയുമായി ബന്ധപ്പെട്ട വീഡിയോ റിപ്പോര്‍ട്ടുകള്‍ പ്രതി പലതവണ കണ്ടതായും കുറ്റപത്രത്തില്‍ പറയുന്നു.
കൊലപാതകത്തിനായി പുതിയ ബ്ലേയ്ഡാണ് അഭിഷേക് വാങ്ങിയത്. കേസില്‍ ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെയുള്ള രേഖകളും പൊലീസ് ഹാജരാക്കിയിട്ടുണ്ട്. ഇരുവരുടേയും സുഹൃത്തുക്കള്‍ ഉള്‍പ്പടെ 80 സാക്ഷികളാണ് കേസിലുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധിയാളുകളില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടിയിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് നിഥിനാമോളെ അഭിഷേക് കോളേജിനുള്ളില്‍ വച്ച് കൊന്നത്. പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയും പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. നിഥാനാമോളെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Also Read: ബൂസ്റ്റര്‍ ഡോസ്: പുതിയ വാക്സിന് സാധ്യത; നാലെണ്ണം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍