കൊച്ചി: പഠിക്കാന്‍ മിടുക്കരായവരെ ഏതറ്റം വരെയും പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയിച്ച ശ്രീചിത്ര ഹോമിലെ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച് അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന ശേഷം ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. എസ് എസ് എല്‍ സി പരീക്ഷയില്‍ വനിത ശിശു വികന വകുപ്പിന് കീഴിലുള്ള 15 ജുവനല്‍ ജസ്റ്റിസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 80 വിദ്യാര്‍ഥികളില്‍ 75 പേരും വിജയിച്ചു – കെ.കെ.ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

Read More: സാങ്കേതിക – അക്കാദമിക മികവുകളുടെ പ്രതിഫലനമാണ് ഇത്തവണത്തെ എസ്എസ്എല്‍സി ഫലം: വിദ്യാഭ്യാസ മന്ത്രി

പഠനത്തില്‍ വളരെ പിന്നാക്കം നിന്നിരുന്ന കുട്ടികളെ പ്രത്യേക ശ്രദ്ധയും വൈകുന്നേരങ്ങളില്‍ പ്രത്യേക ക്ലാസുകളും നല്‍കിയാണ് പഠന നിലവാരം ഉയര്‍ത്തിയതെന്ന് കെ.കെ.ശെെലജ പറയുന്നു. കുട്ടികളുടെ ഭാവിയിലെ വളര്‍ച്ചയ്ക്ക് ഈ വിജയം സഹായകരമാണ്. ഇത്തരം കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. അത്തരത്തിലുള്ളൊരു പദ്ധതിയാണ് ‘തേജോമയ’. ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കഴിവുള്ള കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുന്നതിന് ഗുണമേന്മയുള്ള ഹോമിലേക്ക് മാറ്റിയാണ് തേജോമയ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പഠിക്കാന്‍ മിടുക്കരായവരെ ഏതറ്റം വരെയും പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അത്തരത്തിലുള്ളൊരു കുട്ടി എല്‍.എല്‍.ബി. കഴിഞ്ഞിട്ടുണ്ട്. ആ കുട്ടി ഐ.എ.എസ്. കോച്ചിംഗിന് പഠിക്കുകയാണ്. അതുപോലെ കഴിവുള്ള കുട്ടികള്‍ക്ക് മെഡിസിനോ എഞ്ചിനിയറിംഗിനോ പോകാനുള്ള സാഹചര്യവും വകുപ്പൊരുക്കി വരുന്നു. കുട്ടികളുടെ ഭാവി ശോഭനമാകാന്‍ ഇതുപോലുള്ള വിജയത്തിലൂടെ സാധിക്കുമെന്നും കെ.കെ.ശെെലജ ഫേസ്ബുക്കിൽ കുറിച്ചു.

Read More: എസ്എസ്എല്‍സി ഫലം; പ്രളയം തകര്‍ത്തിട്ടും മിടുക്ക് തെളിയിച്ച് പത്തനംതിട്ടയും കുട്ടനാടും

ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടന്നത്. 98.11 ശതമാനമാണ് വിജയശതമാനം. കേരളത്തിലും ലക്ഷദ്വീപിലും, ഗള്‍ഫ് മേഖലകളിലുമായി 2939 സെന്ററുകളില്‍ 4,34,729 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.  ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരുടെ എണ്ണം 4,26,513 ആണ്.  എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ റവന്യൂജില്ല പത്തനംതിട്ടയാണ്, 99.33 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം നേടിയ റവന്യൂ ജില്ല വയനാട്, 93.22 ശതമാനം.  എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം 37,334 ആണ്. കഴിഞ്ഞ വർഷം എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം 34,313 ആയിരുന്നു. ഈ വർഷം 3,021 കുട്ടികൾക്ക് കൂടുതലായി എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

Read More Kerala News Here

വിജയശതമാനം ഏറ്റവും കൂടുതലുളള വിദ്യാഭ്യാസ ജില്ല കുട്ടനാട്, 99.9 ശതമാനം. വിജയശതമാനം ഏറ്റവും കുറവുളള വിദ്യാഭ്യാസ ജില്ല വയനാട്, 93.22 ശതമാനം.  ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം. 2499 കുട്ടികൾക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്കു പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണ് ഫലം പ്രഖ്യാപിച്ചത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.