Latest News

വിദ്യാർഥികൾക്ക് കരുത്ത് പകരാൻ വിദ്യാഭ്യാസമന്ത്രിയെത്തി; കുട്ടികൾക്കൊപ്പം മാഷും ബഞ്ചിൽ

ഒരു ബഞ്ചിൽ ഒരു വിദ്യാർഥി മാത്രം. ഒറ്റ ബഞ്ചിൽ തിങ്ങി ഞെരുങ്ങി ഇരുന്ന കൂട്ടുകാരെല്ലാം ഒത്തിരി അകലെയായ പോലെ ഓരോരുത്തർക്കും തോന്നികാണും. എങ്കിലും മനസുകൊണ്ട് അവരൊന്നും അകലങ്ങളിലായിരുന്നില്ല

തിരുവനന്തപുരം: ഏകദേശം പത്ത് മാസത്തിനു ശേഷമാണ് സംസ്ഥാനത്ത് സ്‌കൂളുകൾ ഇന്ന് ഭാഗികമായി തുറന്നത്. മുൻപൊന്നും പരിചിതമല്ലാത്ത സാഹചര്യത്തിലേക്കാണ് എസ്എസ്എൽസി, പ്ലസ് ടു ക്ലാസിലെ വിദ്യാർഥികൾ വന്നുകയറിയത്. മാസ്‌ക് ധരിച്ച്, സാമൂഹിക അകലം പാലിച്ച്, ശരീരോഷ്‌മാവ് പരിശോധിച്ച് അവർ ഓരോരുത്തരായി ക്ലാസിൽ കയറി. ഒരു ബഞ്ചിൽ ഒരു വിദ്യാർഥി മാത്രം. ഒറ്റ ബഞ്ചിൽ തിങ്ങി ഞെരുങ്ങി ഇരുന്ന കൂട്ടുകാരെല്ലാം ഒത്തിരി അകലെയായ പോലെ ഓരോരുത്തർക്കും തോന്നികാണും. എങ്കിലും മനസുകൊണ്ട് അവരൊന്നും അകലങ്ങളിലായിരുന്നില്ല.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയാണ് സ്‌കൂളുകളിൽ അധ്യയനം പുനഃരാരംഭിച്ചത്. 3118 ഹൈസ്‌കൂളുകളിലും 2077 ഹയർ സെക്കൻഡറി സ്‌കൂളുകളിലുമായി 10, 12 ക്ലാസുകളിൽ പഠിക്കുന്ന ഏഴ് ലക്ഷത്തിലേറെ വിദ്യാർഥികൾക്കായാണ് ഇന്ന് മുതൽ ക്ലാസുകൾ ആരംഭിച്ചത്. വിദ്യാർഥികൾക്ക് ഹാജർ നിർബന്ധമല്ല. സ്‌കൂളിലെത്തുന്ന കുട്ടികൾക്ക് മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധമാണ്.

പുതുക്കാട് സെന്റ്.ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലെത്തിയ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് വിദ്യാർഥികൾക്കൊപ്പം സമയം ചെലവഴിച്ചു. വിദ്യാർഥികൾക്കൊപ്പം ഒരേ ബഞ്ചിൽ ഇരുന്നും അവർക്ക് കരുത്ത് പകർന്നുമാണ് മുൻ അധ്യാപകൻ കൂടിയായ മന്ത്രി രവീന്ദ്രനാഥ് സ്‌കൂളിൽ നിന്നു മടങ്ങിയത്.

SSLC

പ്രാക്‌ടിക്കലുകൾക്കും സംശയ ദൂരീകരണത്തിനുമാണ് പ്രാധാന്യം. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്ലാസുകള്‍ നടക്കുന്നത്. എല്ലാ അധ്യാപകരും സ്‌കൂളിൽ എത്തണം. ഒരേസമയം, അമ്പത് ശതമാനം ഹാജർ മാത്രമേ ക്ലാസുകളിൽ അനുവദിക്കൂ. ഒരേ ദിവസം തന്നെ ഷിഫ്റ്റായോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകൾ നടത്താം.

ഒരു ബഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ. ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് മുറികൾ കൂടി ഉപയോഗിച്ച് അധ്യയനം നടത്താം. ഒരാഴ്‌ചയ്‌ക്ക് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി ഇക്കാര്യത്തിൽ മാറ്റങ്ങൾ കൊണ്ടുവരാം.

Read Also: കേന്ദ്രത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച് ബിജെപി എംഎൽഎ രാജഗോപാൽ

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും പ്രധാന അധ്യാപകന്റെ നേതൃത്വത്തില്‍ കോവിഡ് സെല്ലുകള്‍ രൂപീകരിച്ചിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍/കൗണ്‍സിലര്‍, പി.ടി.എയിലെ ഒരംഗം, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍/നഴ്സ് തുടങ്ങിയവരാണ് കോവിഡ് സെല്ലിലെ മറ്റ് അംഗങ്ങള്‍.

കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവരും രോഗികളുമായി സമ്പര്‍ക്കം ഉണ്ടായവരുമായ കുട്ടികള്‍ സ്‌കൂളുകളില്‍ യാതൊരു കാരണവശാലും എത്തരുത്. ഉച്ചഭക്ഷണം സ്‌കൂളില്‍ കൊണ്ട് വന്നു കഴിക്കാന്‍ അനുവദിക്കില്ല. കുടിവെള്ളം സ്വന്തമായി കൊണ്ട് വരണം. കുടിവെള്ളം കുട്ടികള്‍ തമ്മില്‍ പങ്കിടാനും പാടില്ല. കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുമ്പോഴും തിരികെ കൂട്ടിക്കൊണ്ടു പോകുമ്പോഴും രക്ഷിതാക്കള്‍ സ്‌കൂള്‍ പരിസരങ്ങളില്‍ കൂട്ടം കൂടി നില്‍ക്കരുത്.

എല്ലാ സ്‌കൂളുകളിലും സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ ഉള്‍പ്പടെയുള്ള കോവിഡ് സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കും. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. ഒരുകാരണവശാലും മാസ്‌ക് താഴ്ത്തിവയ്ക്കാനോ ഉപയോഗിക്കാതിരിക്കാനോ അനുവദിക്കില്ല. സ്‌കൂളില്‍ എത്തുന്ന കുട്ടികള്‍ രക്ഷിതാക്കളുടെ സമ്മതപത്രം ഹാജരാക്കണം. ഇത് നേരത്തെ തന്നെ കുട്ടികള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

വിദ്യാർഥികളും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എല്ലാ കുട്ടികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക. വായും മൂക്കും മൂടത്തക്കവിധം മുഖത്തിനനുസരിച്ച് വലിപ്പമുള്ള മാസ്‌കുകള്‍ ഉപയോഗിക്കുക.

യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തുന്നെങ്കില്‍ മാസ്‌ക് വച്ച് സംസാരിക്കാന്‍ അഭ്യര്‍ത്ഥിക്കുക. ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രം മാസ്‌ക് മാറ്റുക.

എല്ലാവരും ശാരീരിക അകലം പാലിക്കേണ്ടതാണ്.

കൈകള്‍ കൊണ്ട് മുക്ക്, വായ, കണ്ണ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്. ക്ലാസ് മുറിക്ക് പുറത്തോ സ്‌കൂള്‍ പരിസരത്തോ കൂട്ടംകൂടി നില്‍ക്കരുത്.

കുടിവെള്ളം സ്വന്തം കുപ്പിയിൽ കൊണ്ടുവരിക, സുഹൃത്തുക്കളുമായി കെെമാറുത്.

അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.

യാതൊരു കാരണവശാലും പേന, പെന്‍സില്‍, പുസ്തകങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവ പരസ്പരം കൈമാറാന്‍ പാടില്ല.

ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണം.

പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ സമ്പര്‍ക്കത്തിലുള്ളതോ ആയ കുട്ടികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ ഒരു കാരണവശാലും ക്ലാസുകളില്‍ വരാന്‍ പാടില്ല. ഇത് പ്രധാന അധ്യാപകരും മറ്റധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ രക്ഷകര്‍ത്താക്കളുമായി അധ്യാപകര്‍ ആശയ വിനിമയം നടത്തേണ്ടതാണ്. അഥവാ വന്നാല്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരുമായോ അല്ലെങ്കില്‍ ദിശയുമായോ (1056, 0471 2552056) ബന്ധപ്പെടുക.

ഉപയോഗശേഷം മാസ്‌കുകള്‍, കൈയുറകള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ അലക്ഷ്യമായി വലിച്ചെറിയാന്‍ പാടില്ല.

ടോയ്‌ലറ്റുകളിൽ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.

തുണിമാസ്‌കാണ് ഉപയോഗിക്കുന്നതെങ്കില്‍ കഴുകി ഉണക്കി ഇസ്തിരിയിട്ട ശേഷം ഉപയോഗിക്കുക.

വീട്ടിലെത്തിയ ഉടന്‍ മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകിയിട്ട് കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

ഈ പ്രത്യേക സാഹചര്യത്തില്‍ വീട്ടിലെ വയോജനങ്ങളുമായും ചെറിയ കുട്ടികളുമായും അസുഖമുള്ളവരുമായും അടുത്തിടപഴകരുത്.

അധ്യാപകര്‍ക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ, രക്ഷിതാക്കള്‍ക്കോ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശ 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sslc plus two schools re open kerala covid 19 restrictions

Next Story
കേന്ദ്രത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ചില്ല; സ്പീക്കർ കീഴ്‌വഴക്കം ലംഘിച്ചു: ഒ രാജഗോപാൽKerala election 2021, കേരള നിയമസഭ തിരഞ്ഞെടുപ്പ്, o rajagopal, ഒ.രാജഗോപാൽ, bjp, ബിജെപി, benefitted bjp,congress league bjp,o rajagopal,o rajagopal discloses,ഒ രാജഗോപാൽ,കോ- ലീ - ബി,കോ- ലീ - ബി സഖ്യമുണ്ടായിട്ടുണ്ടെന്ന്,congress league bjpbjp understanding, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com