കൊച്ചി: എസ്‌എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ലോക്ക്‌ഡൗൺ ആയതുകൊണ്ട് എല്ലാം അടച്ചുപൂട്ടാനാവില്ലെന്നും ചില കാര്യങ്ങളിൽ ഇളവുകൾ വേണ്ടിവരുമെന്നും സർക്കാർ അറിയിച്ചു. ആവശ്യമായ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

സർക്കാരിന്റെ വിശദീകരണം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹർജി തള്ളിയത്. ലോക്ക്‌ഡൗൺ മാർഗ നിർദേശങ്ങൾ പാലിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തൊടുപുഴ മണക്കാട് സ്വദേശി അനിൽ പി.എസ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. പരീക്ഷയ്ക്ക് ഇളവ് അനുവദിച്ച കേന്ദ്ര നടപടി നിയമവിരുദ്ധമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

സംസ്ഥാനത്ത് പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

നാളെ മുതലാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ സംസ്ഥാനത്ത് പുനരാരംഭിക്കുന്നത്. വേണ്ടത്ര മുന്നൊരുക്കത്തോടെയാണ് പരീക്ഷകൾ നടത്തുക. പരീക്ഷ നടക്കുന്ന ക്ലാസ് മുറികളും ഹാളുകളും അണുനശീകരണം നടത്തി. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കായി വിദ്യാർഥികളുടെ ആവശ്യപ്രകാരം പുതുക്കി നൽകിയ പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രകാരം പരീക്ഷയ്ക്ക് സ്കൂളുകളിലെത്തിച്ചേരാൻ കഴിയാത്ത വിദ്യാർഥികളാണ് അവരവരുടെ നാട്ടിൽ തന്നെ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചു തരാനുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കിയത്. ഇവർക്ക് പുതുതായി അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ വിവരങ്ങളടങ്ങിയ sslcexam.kerala.gov.in, hscap.kerala.gov.in, vhscap.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

Read Also: ധോണിക്ക് ബിരിയാണി വിളമ്പിക്കൊടുക്കാത്തതിൽ കെെഫിന് കുറ്റബോധം; ചിരിപ്പിച്ച് ഇന്ത്യൻ താരം

മേയ് 26 മുതൽ 30 വരെയാണ് എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾക്കും ഹോം ക്വറന്റൈനിൽ കഴിയുന്ന ആളുകളുള്ള വീട്ടിൽ നിന്നുള്ള വിദ്യാർഥികൾക്കും പ്രത്യേക സൗകര്യം ലഭ്യമാക്കും. കണ്ടെയ്മെന്റ് സോണുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കും. എല്ലാ വിദ്യാർഥികൾക്കും തെർമ്മൽ സ്ക്രീനിങ് നടത്തും.

എല്ലാ വിദ്യാർഥികൾക്കും ശാരീരിക അകലം പാലിച്ചാണ് ഇരിപ്പിടം ഒരുക്കുക. വൈദ്യ പരിശോധന വേണ്ടവർക്ക് അതിനുള്ള സൗകര്യവും സ്കൂളുകളിലുണ്ടാകും. അധ്യാപകർ ഗ്ലൗസ് ധരിക്കും. ഉത്തരക്കടലാസുകൾ ഏഴ് ദിവസം പരീക്ഷ കേന്ദ്രങ്ങളിൽ തന്നെ സൂക്ഷിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ പാലിക്കേണ്ട ആരോഗ്യ ചിട്ടകളടങ്ങിയ അറിയിപ്പും മാസ്ക്കും കുട്ടികൾക്ക് വീട്ടിലെത്തിക്കും. പരീക്ഷ കഴിഞ്ഞാൽ വിദ്യാർഥികൾ എവിടെയും അലഞ്ഞുതിരിഞ്ഞ് നടക്കരുത്.

പരീക്ഷയുമായി ബന്ധപ്പെട്ടുളള അധ്യാപകരുടെ യാത്ര തടസപ്പെടരുതെന്ന് ഡിജിപി

മേയ് 26 ന് ആരംഭിക്കുന്ന സ്‌കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍മാര്‍, പ്രഥമ അധ്യാപകര്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ യാത്ര ഒരിടത്തും തടസപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിർദേശം നല്‍കി.

ഇവര്‍ക്ക് രാത്രികാലങ്ങളില്‍ ജില്ലവിട്ട് യാത്ര ചെയ്യേണ്ടി വരുന്നപക്ഷം തിരിച്ചറിയല്‍ കാര്‍ഡും പരീക്ഷ സംബന്ധിക്കുന്ന രേഖകളും യാത്രാപാസായി പരിഗണിക്കും. സാധിക്കുന്ന സ്ഥലങ്ങളില്‍ അവരുടെ യാത്രയ്ക്ക് ആവശ്യമായ സഹായം പൊലീസ് നല്‍കണം. രാവിലെ എഴ് മുതല്‍ രാത്രി ഏഴ് വരെ മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു.

Read Also: വിമാനത്തില്‍ രോഗവ്യാപന സാധ്യത കുറഞ്ഞിരിക്കാന്‍ കാരണമെന്താണ്‌?

പെണ്‍കുട്ടികളുടെ സൗകര്യാര്‍ത്ഥം പരമാവധി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പട്ടിക വര്‍ഗ മേഖലകളില്‍ പരീക്ഷയ്ക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജനമൈത്രി പൊലീസിന്റെ സാന്നിദ്ധ്യം ഉറപ്പാക്കും. കുട്ടികള്‍ ധാരാളമുള്ള പരീക്ഷാ കേന്ദ്രങ്ങളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും പൊലീസിനെ നിയോഗിക്കും. ഏതെങ്കിലും കാരണത്താല്‍ എത്താന്‍ കഴിയാത്ത കുട്ടികളെ പൊലീസ് വാഹനത്തില്‍ പരീക്ഷയ്ക്ക് എത്തിക്കും. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാലയങ്ങളുടെ മുന്നിലെ തിരക്കൊഴിവാക്കാന്‍ നടപടി സ്വീകരിക്കും.

ജില്ലകളിലെ പരീക്ഷകളുമായി ബന്ധപ്പെട്ട പൊലീസ് സംവിധാനത്തിന്റെ ഉത്തരവാദിത്തം അഡീഷണല്‍ എസ് പിമാര്‍ക്കും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook