തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്നുമുതൽ. മേയ് 30 വരെയുള്ള ദിവസങ്ങളിലാണ് പരീക്ഷ. കോവിഡ് ഭീതിയെ തുടർന്ന് രാജ്യം സമ്പൂർണ അടച്ചുപൂട്ടലിൽ ആയതോടെയാണ് പരീക്ഷകൾ തൽക്കാലത്തേക്ക് നിർത്തിവച്ചത്. നിയന്ത്രണങ്ങളോടെ തന്നെ പരീക്ഷ പുനരാരംഭിക്കാനുള്ള നീക്കം വിദ്യാർഥികളുടെ ഭാവി പരിഗണിച്ച് കൂടിയാണ്. വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും ജാഗ്രത തുടരണം. വിദ്യാഭ്യാസവകുപ്പും ആരോഗ്യവകുപ്പും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം.

എസ്എസ്എൽസി, ഹയർസെക്കൻഡറി വിഭാഗത്തിലായി 13.5 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. രാവിലെ 9.45 നു വിഎച്ച്എസ്ഇ ഒന്നും രണ്ടും വർഷ പരീക്ഷകൾ തുടങ്ങി. എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്ക് 1.45ന് ആരംഭിക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ നാളെ രാവിലെ തുടങ്ങും. പരീക്ഷ നടക്കുന്ന സ്‌കൂളുകളിൽ അണുനശീകരണം പൂർത്തിയായി.

സാമൂഹിക അകലം പാലിച്ച് വിദ്യാർഥികൾ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നു, ചിത്രം: നിതിൻ ആർ.കെ.

Read Also: Horoscope Today May 26, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. അതീവ ജാഗ്രത പുലർത്തേണ്ട സമയമാണ്. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്. ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും നൽകുന്ന നിർദേശങ്ങൾ പാലിക്കുക

2. വിദ്യാർഥികളും ഒപ്പം വരുന്ന രക്ഷിതാക്കളും സ്‌കൂളിലെ ജീവനക്കാരും മാസ്‌ക് ധരിക്കണം

3. വിദ്യാർഥിക്ക് ഒപ്പം ഒരു രക്ഷിതാവ് മാത്രമേ പാടുള്ളൂ

4.പരീക്ഷ മുറികളിൽ എസി പാടില്ല

5. പരീക്ഷയ്ക്ക് ഒരു മുറിയിൽ ഇരിക്കാവുന്ന പരമാവധി വിദ്യാർഥികളുടെ എണ്ണം 20 ആയിരിക്കും

6. രാവിലെയും ഉച്ചയ്‌ക്കും പരീക്ഷ മുറികളിലെ ഫർണീച്ചർ അണുവിമുക്തമാക്കണം

7. പരീക്ഷ കഴിഞ്ഞാൽ വിദ്യാർഥികൾ ഉടൻ വീട്ടിലേക്ക് മടങ്ങണം. മറ്റുള്ള സ്ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കരുത്. ഇക്കാര്യം മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

8. സ്‌കൂളിലേക്കുള്ള യാത്രയിലും തിരിച്ചുള്ള യാത്രയിലും മാസ്‌ക് നിർബന്ധം

9. വിദ്യാർഥികൾ കൂട്ടംകൂടുന്നത് ഒഴിവാക്കണം

10. പനി, ചുമ തുടങ്ങിയ രോഗലക്ഷണം ഉള്ളവരെ പ്രത്യേക മുറിക്കുള്ളിൽ ഇരുത്തി പരീക്ഷയെഴുതിക്കും.

11. പേന, പെൻസിൽ തുടങ്ങിയവ പരസ്‌പരം കൈമാറാൻ അനുവദിക്കില്ല. പരീക്ഷയ്ക്കുശേഷം ഉത്തരകടലാസ് നിർദേശിക്കുന്ന പ്ലാസ്റ്റിക് കവറിൽ ഇടണം.

12. രോഗലക്ഷണങ്ങളുള്ളവർക്കു പ്രത്യേകം ശുചിമുറി ഏർപ്പെടുത്തും. സമ്പർക്ക വിലക്കിലുള്ള കുട്ടികൾ പൊതുഗതാഗതം ഉപയോഗിക്കരുത്.

13. സ്‌കൂളിലെത്തിയാൽ വിദ്യാർഥികൾ അവരവരുടെ സീറ്റുകളിൽ ഇരിക്കണം.

14. ഹസ്‌തദാനം, ആലിംഗനം തുടങ്ങിയ സ്‌നേഹപ്രകടനങ്ങൾ ഒഴിവാക്കണം.

15. സ്‌കൂളിന്റെ പ്രധാനകവാടത്തിലൂടെ മാത്രം അകത്തേക്ക് പ്രവേശിക്കണം. പ്രധാന കവാടത്തിൽ സാനിറ്റെെസർ നിർബന്ധം.

16. കുടിവെള്ളം വീട്ടിൽ നിന്നുകൊണ്ടുവരുന്നത് അനുവദനീയമാണ്

17. പരീക്ഷയുടെ അവസാന ദിവസം കണ്ടുവരാറുള്ള കൂടിച്ചേരലുകൾ പൂർണമായും ഒഴിവാക്കണം.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കായി വിദ്യാർഥികളുടെ ആവശ്യപ്രകാരം പുതുക്കി നൽകിയ പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രകാരം പരീക്ഷയ്ക്ക് സ്‌കൂളുകളിലെത്തിച്ചേരാൻ കഴിയാത്ത വിദ്യാർഥികളാണ് അവരവരുടെ നാട്ടിൽ തന്നെ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചു തരാനുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കിയത്. ഇവർക്ക് പുതുതായി അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ വിവരങ്ങളടങ്ങിയ sslcexam.kerala.gov.in, hscap.kerala.gov.in, vhscap.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

Read Also: ജമ്മു കശ്മീർ അതിർത്തിയിൽ ചാര പ്രാവ്; നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾക്കും ഹോം ക്വറന്റൈനിൽ കഴിയുന്ന ആളുകളുള്ള വീട്ടിൽ നിന്നുള്ള വിദ്യാർഥികൾക്കും പ്രത്യേക സൗകര്യം ലഭ്യമാക്കും. കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കും. എല്ലാ വിദ്യാർഥികൾക്കും തെർമ്മൽ സ്ക്രീനിങ് നടത്തും.

എല്ലാ വിദ്യാർഥികൾക്കും ശാരീരിക അകലം പാലിച്ചാണ് ഇരിപ്പിടം ഒരുക്കുക. വൈദ്യ പരിശോധന വേണ്ടവർക്ക് അതിനുള്ള സൗകര്യവും സ്കൂളുകളിലുണ്ടാകും. അധ്യാപകർ ഗ്ലൗസ് ധരിക്കും. ഉത്തരക്കടലാസുകൾ ഏഴ് ദിവസം പരീക്ഷ കേന്ദ്രങ്ങളിൽ തന്നെ സൂക്ഷിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ പാലിക്കേണ്ട ആരോഗ്യ ചിട്ടകളടങ്ങിയ അറിയിപ്പും മാസ്ക്കും കുട്ടികൾക്ക് വീട്ടിലെത്തിക്കും.

ഡിജിപിയുടെ നിർദേശം

പരീക്ഷകളുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍മാര്‍, പ്രഥമ അധ്യാപകര്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ യാത്ര ഒരിടത്തും തടസപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിർദേശം നല്‍കി. ഇവര്‍ക്ക് രാത്രികാലങ്ങളില്‍ ജില്ലവിട്ട് യാത്ര ചെയ്യേണ്ടി വരുന്നപക്ഷം തിരിച്ചറിയല്‍ കാര്‍ഡും പരീക്ഷ സംബന്ധിക്കുന്ന രേഖകളും യാത്രാപാസായി പരിഗണിക്കും. സാധിക്കുന്ന സ്ഥലങ്ങളില്‍ അവരുടെ യാത്രയ്ക്ക് ആവശ്യമായ സഹായം പൊലീസ് നല്‍കണം. രാവിലെ എഴ് മുതല്‍ രാത്രി ഏഴ് വരെ മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു.

പെണ്‍കുട്ടികളുടെ സൗകര്യാര്‍ത്ഥം പരമാവധി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പട്ടിക വര്‍ഗ മേഖലകളില്‍ പരീക്ഷയ്ക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജനമൈത്രി പൊലീസിന്റെ സാന്നിദ്ധ്യം ഉറപ്പാക്കും. കുട്ടികള്‍ ധാരാളമുള്ള പരീക്ഷാ കേന്ദ്രങ്ങളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും പൊലീസിനെ നിയോഗിക്കും. ഏതെങ്കിലും കാരണത്താല്‍ എത്താന്‍ കഴിയാത്ത കുട്ടികളെ പൊലീസ് വാഹനത്തില്‍ പരീക്ഷയ്ക്ക് എത്തിക്കും. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാലയങ്ങളുടെ മുന്നിലെ തിരക്കൊഴിവാക്കാന്‍ നടപടി സ്വീകരിക്കും. ജില്ലകളിലെ പരീക്ഷകളുമായി ബന്ധപ്പെട്ട പൊലീസ് സംവിധാനത്തിന്റെ ഉത്തരവാദിത്തം അഡീഷണല്‍ എസ് പിമാര്‍ക്കും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.