തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മേയ് മാസം അവസാനത്തോടെ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി. പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ മേയ് 21 നും 29 നും ഇടയിൽ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയവും മേയ് 13 മുതൽ ആരംഭിക്കും.

സ്‌കൂൾ തുറക്കാൻ വൈകിയാലും ജൂൺ ഒന്ന് മുതൽ ‘വിക്‌ടേഴ്‌സ്’ ചാനലിൽ അധ്യയനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്ലസ് ടു വിദ്യാർഥികൾക്ക് രണ്ട് പരീക്ഷകളും എസ്എസ്എൽസി വിദ്യാർഥികൾക്ക് മൂന്ന് പരീക്ഷകളുമാണ് ബാക്കിയുള്ളത്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സിഐഎസ്‌സിഇ) ഐസിഎസ്ഇ (10-ാം ക്ലാസ്), ഐഎസ്‌സി (12-ാം ക്ലാസ്) പരീക്ഷകൾ മാറ്റിവച്ചിരുന്നു.

Read Also: എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾ മേയ് 21നും 29നും ഇടയിൽ

അതേസമയം, സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് ബാധയില്ല. ചികിത്സയിലുള്ള ഏഴ് പേരുടെ പുതിയ ഫലം നെഗറ്റീവ് ആയി. ഇതോടെ സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 30 ആയി കുറഞ്ഞു. സംസ്ഥാനത്ത് ആകെ 502 പേർക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയത്. കോട്ടയം ജില്ലയിൽ ആറ് പേർക്കും (ഇതിൽ ഒരാൾ ഇടുക്കി സ്വദേശി) പത്തനംതിട്ടയിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് ഫലം നെഗറ്റീവ് ആയത്. ഇന്ന് മാത്രം 58 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.

നേരത്തെ, ജെഇഇ മെയിൻ, നീറ്റ് പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചിരുന്നു. ജെഇഇ മെയിൻ പരീക്ഷ ജൂലൈ 18 നും 23 നും ഇടയ്ക്കും നീറ്റ് ജൂലൈ 26 നും ജെഇഇ അഡ്വാൻസ്ഡ് ഓഗസ്റ്റിലും നടക്കുമെന്ന് എച്ച്ആർഡി മന്ത്രി രമേശ് പൊക്രിയാലാണ് അറിയിച്ചത്. അടുത്ത അക്കാദമിക വർഷത്തിൽ ചുരുക്കിയ സിലബസായിരിക്കും വിദ്യാർഥികൾക്ക് പഠിക്കേണ്ടി വരിക. വിദ്യാർഥികൾക്ക് വിലയേറിയ അക്കാദമിക് സമയം നഷ്ടമായതിനാൽ വരാനിരിക്കുന്ന അക്കാദമിക് സെഷനായി സിലബസ് കുറയ്ക്കുമെന്ന് എച്ച്ആർഡി മന്ത്രി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.