അവശേഷിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്തുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്. മേയ് 26 മുതൽ 30 വരെയാണ് പരീക്ഷകൾ നടക്കുക. ഇതിനുള്ള മുന്നൊരുക്കങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കർശനമായ നിയന്ത്രണങ്ങളിലാകും പരീക്ഷയെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

പരീക്ഷ കേന്ദ്രം മാറ്റേണ്ട വിദ്യാർഥികളുടെ ആവശ്യം, ചോദ്യപേപ്പർ സുരക്ഷ, വിദ്യാർഥികളുടെ യാത്ര സൗകര്യം എന്നിവയ്ക്കുള്ള നിർദേശം നൽകിയിട്ടുണ്ട്. കണ്ടെയ്മെന്റ് സോണുകളിലെ പരീക്ഷ നടത്തിപ്പ്, സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാർഥികളുടെ വരവ് സംബന്ധിച്ച കാര്യങ്ങളിലും ധാരണയായതായി മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾക്കും ഹോം ക്വറന്റൈനിൽ കഴിയുന്ന ആളുകളുള്ള വീട്ടിൽ നിന്നുള്ള വിദ്യാർഥികൾക്കും പ്രത്യേക സൗകര്യം. കണ്ടെയ്മെന്റ് സോണുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രത്യേക ഇരിപ്പിടം എന്നിവ ഒരുക്കും. എല്ലാ വിദ്യാർഥികൾക്കും തെർമ്മൽ സ്ക്രീനിങ് നടത്തും. വൈദ്യ പരിശോധന വേണ്ടവർക്ക് അതിനുള്ള സൗകര്യവും സ്കൂളുകളിലുണ്ടാകും. അധ്യാപകർ ഗ്ലൗസ് ധരിക്കും. ഉത്തരക്കടലാസുകൾ ഏഴ് ദിവസം പരീക്ഷ കേന്ദ്രങ്ങളിൽ തന്നെ സൂക്ഷിക്കും.

Also Read: ലോക്ക്ഡൗണ്‍ ഇളവ് ആഘോഷിക്കാനുള്ളതല്ല; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തുന്ന വിദ്യാർഥികൾ കുളിച്ച് ദേഹം ശുദ്ധിയാക്കിയ ശേഷം മാത്രമേ വീട്ടുകാരുമായി ഇടപ്പെടാൻ പാടുള്ളു. പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളും ഫയർ ഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കും. പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളിലേക്കുമായി 5000 ഐആർ തെർമ്മോ മീറ്റർ വാങ്ങും. ആവശ്യമായ സാനിറ്റൈസർ, സോപ്പ് എന്നിവയും ലഭ്യമാക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ പാലിക്കേണ്ട ആരോഗ്യ ചിട്ടകളടങ്ങിയ അറിയിപ്പും മാസ്ക്കും കുട്ടികൾക്ക് വീട്ടിലെത്തിക്കും.

എച്ച്എസ്എസ്, വിഎച്ച്എസ്എസ് സ്കൂളുകളിൽ എൻഎസ്എസ്(നാഷ്ണൽ സർവീസ് സ്കീം) വഴി വിതരണം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ഗതാഗത വകുപ്പ്, പൊലീസ്, ഫയർ ഫോഴ്സ് ഇവരുടെയെല്ലാം പിന്തുണ പരീക്ഷ നടത്തിപ്പിനുണ്ടാകും.

Also Read: കേരളത്തിൽ ഇന്ന് കോവിഡ്-19 രോഗം സ്ഥിരീകരിച്ചത് 42പേർക്ക്; പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവ്

പരീക്ഷ കേന്ദ്ര മാറ്റത്തിനായി എസ്എസ്എൽസി 1866, എച്ച്എസ്ഇ 8835, വിഎച്ച്എസ്ഇ 219 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ആകെ 11920 കുട്ടികൾ അപേക്ഷ സമർപ്പിച്ചു. മാറ്റം അനുവദിച്ചിട്ടുള്ള വിദ്യാർഥികൾക്കുള്ള ചോദ്യപേപ്പർ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ അതാത് സ്കൂളുകളിൽ എത്തിക്കും.

ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലും ക്രമീകരണങ്ങൾ പൂർത്തിയായി. ഗൾഫിലെ സ്കൂളുകളിൽ പരീക്ഷ നടത്താൻ അനുമതി ലഭിച്ചു. മുഴുവൻ കുട്ടികൾക്കും പരീക്ഷ എഴുതാനും ഉപരിപഠനത്തിനുമുള്ള സൗകര്യമൊരുക്കും. ഏതെങ്കിലും വിദ്യാർഥികൾക്ക് ഇപ്പോൾ പ്രഖ്യാപിച്ച തിയതീകളിൽ പരീക്ഷ എഴുതാൻ സാധിക്കാതെ വന്നാൽ സേ (സേവ് എ ഇയർ) പരീക്ഷയ്ക്ക് അവസരമൊരുക്കും.

പരീക്ഷ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനും കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ പരിഹരിക്കുന്നതിനും പൊതു വിദ്യാഭ്യാസ ഡയറേക്ടറേറ്റിലും ഓരോ ജില്ലകളിലെയും വിദ്യഭ്യാസ ഉപജില്ലകളിലും നാളെ മുതൽ വാർ റൂമുകൾ പ്രവർത്തിക്കും.

Also Read: കേരളത്തിൽ നിന്നു പോയവർക്ക് കോവിഡ്; പരിശോധന വർധിപ്പിക്കണം

ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ കോളെജുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ജൂൺ ഒന്ന് മുതൽ കോളെജുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് നിർദേശം. റെഗുലർ ക്ലാസുകൾ ആരംഭിക്കുന്നത് വരെ ഓൺലൈൻ ക്ലാസുകൾ നടത്തണം. ഓൺലൈൻ ക്ലാസുകൾക്കുള്ള സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ക്ലാസുകൾ നടത്താൻ പ്രിൻസിപ്പൽമാരെ ചുമതലപ്പെടുത്തി. വിദ്യാർഥികൾ ക്ലാസുകളിൽ പങ്കാളികളാകുന്നുണ്ടെന്നും പ്രിൻസിപ്പൽമാർ ഉറപ്പ് വരുത്തണം.

സർവകലാശാല പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കുന്നതിന് ആവശ്യമായ നടപടികളുണ്ടാകണം. ഓൺലൈൻ ക്ലാസുകൾക്ക് വിക്ടേഴ്സ് ചാനൽ പോലെ ഡിടിഎച്ച് റേഡിയോ സാധ്യതകളും ഉപയോഗപ്പെടുത്തണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.