തിരുവനന്തപുരം: എസ്എസ്എൽസി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ രണ്ടു അധ്യാപകർക്ക് എതിരെ നടപടി. കെ.ജി വാസു, സജിത്ത് കുമാർ എന്നീ അധ്യാപകർക്ക് എതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി എടുത്തത്. ഇവരെ പരീക്ഷ ചുമതലകളിൽ നിന്നും നീക്കുകയും എസ്എസ്എൽസി മൂല്യ നിർണയത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ചോദ്യപേപ്പർ ചോർത്തി എന്ന ആരോപണം നേരിടുന്ന അധ്യാപകനാണ് സജിത് കുമാർ. ചോദ്യപേപ്പർ സമിതി അധ്യക്ഷനാണ് കെ.ജി വാസു .പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു.

എസ്എസ്എൽസി പരീക്ഷയ്ക്ക് കണക്ക് പരീക്ഷയ്ക്കായി തയറാക്കിയ ചോദ്യപേപ്പറിന് സമാന ചോദ്യപേപ്പർ സ്വകാര്യ സ്ഥാപനം പുറത്തിറക്കിയതിനെത്തുടർന്ന് എസ്എസ്എൽസി കണക്കുപരീക്ഷ റദ്ദാക്കിയിരുന്നു. ഈമാസം 30ന് വീണ്ടും പരീക്ഷ നടത്തുമെന്നും സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചിരുന്നു.

മലപ്പുറം ആസ്ഥാനമായ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തയാറാക്കിയ മോഡൽ ചോദ്യപേപ്പറുമായി, എസ്എസ്എൽസി കണക്ക് പരീക്ഷാ ചോദ്യപേപ്പറിന് ഏറെ സാമ്യമുണ്ടെന്നാണ് പരാതി ഉയർന്നത്. മെറിറ്റ് എന്ന് അറിയപ്പെടുന്ന മലബാർ എജ്യൂക്കേഷൻ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മോഡൽ ചോദ്യപേപ്പറിൽ നിന്ന് 13 ചോദ്യങ്ങൾ എസ്എസ്എൽസി കണക്കു ചോദ്യപേപ്പറിലേക്ക് കടന്നുകയറി എന്നാണ് ആക്ഷേപം ഉയർന്നത്. ഇത്തവണത്തെ കണക്കു പരീക്ഷ കുട്ടികൾക്കു ബുദ്ധിമുട്ടായിരുന്നു. ഇതേത്തുടർന്നാണ് ചോദ്യപേപ്പർ പരിശോധനയ്ക്ക് വിധേയമാക്കിയത്.

ചോദ്യപേപ്പര്‍ പ്രശ്‌നത്തില്‍ കെ എസ് യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചും, എം എസ് എഫ് കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. രണ്ടിടത്തും പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തിരുവനന്തപുരത്തെ സംഘര്‍ഷത്തില്‍ അഷ്‌റഫ് എന്ന കെ എസ് യു പ്രവര്‍ത്തകന് പരിക്കേറ്റിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ