SSLC Exam 2019: തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്നു തുടക്കം. മാർച്ച് 13 മുതൽ മാർച്ച് 28 വരെയാണ് പരീക്ഷ. നാലരലക്ഷത്തോളം കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. പരീക്ഷ എഴുതുന്ന റഗുലർ വിദ്യാർത്ഥികളിൽ കൂടുതൽ ആൺകുട്ടികളാണ്. 2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഇതിൽ സർക്കാർ സ്കൂളുകളിൽനിന്നും 1,42,033 പേരു, എയ്ഡഡ് സ്കൂളുകളിൽനിന്നും 2,62,125 പേരും, അൺ എയ്ഡഡ് സ്കൂളുകളിൽനിന്നും 30,984 പേരുമാണുളളത്.

ഗൾഫ് മേഖലയിൽനിന്ന് 495 കുട്ടികളും ലക്ഷദ്വീപിൽനിന്ന് 682 വിദ്യാർത്ഥികളും പരീക്ഷ എഴുതുന്നുണ്ട്. പ്രൈവറ്റ് വിഭാഗത്തിൽ ന്യൂ സ്കീമിൽ (പിഎസിഎൻ) 1,867 പേരും ഓൾഡ് സ്കീമിൽ (പിസിഒ) 33 പേരും പരീക്ഷ എഴുതുന്നുണ്ട്.

ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്ന ജില്ല മലപ്പുറമാണ്. 27,436 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ്, 2,144 പേർ. ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎംഎച്ച്എസ് (2,411 പേർ). ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രം തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പെരിങ്ങര ഗവ.ഗേൾസ് എച്ച്എസ് (2 പേർ).

ടിഎച്ച്എസ്എൽ വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,212 പേരാണ് പരീക്ഷ എഴുതുന്നത് (ആൺകുട്ടികൾ 2,957, പെൺകുട്ടികൾ 255). സംസ്ഥാനത്ത് 2,923 കേന്ദ്രങ്ങൾ, ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങൾ, ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങൾ ഉൾപ്പടെ 2941 കേന്ദ്രങ്ങളിലായാണ് ഇക്കുറി പരീക്ഷ. എഎച്ച്എസ്എൽസി വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണുളളത്. ചെറുതുരുത്തി ആർട് ഹയർ സെക്കൻഡറി സ്കൂൾ കലാമണ്ഡലം (82 പേർ). എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 284 പേരും ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത് (14 പേർ).

ഉച്ചയ്ക്ക് 1.45 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. 15 മിനിറ്റ് കൂൾ ഓഫ് ടൈമാണ്. ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ഗണിത ശാസ്ത്രം എന്നീ വിഷയങ്ങൾ രണ്ടര മണിക്കൂറും മറ്റ് വിഷയങ്ങൾ ഒന്നരമണിക്കൂറുമാണ് പരീക്ഷ. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കുട്ടികൾക്കായി പ്രത്യേക സംവിധാനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്.

ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ 5 മുതൽ മേയ് 5 വരെ നടക്കും. സംസ്ഥാനത്തെ 54 കേന്ദ്രീകൃത മൂല്യനിർണയ ക്യാംപുകളിലായി രണ്ടു ഘട്ടങ്ങളിലായാണ് മൂല്യ നിർണയം. ആദ്യഘട്ടം ഏപ്രിൽ 5 ന് തുടങ്ങി 13 ന് അവസാനിക്കും (8 ദിവസം). രണ്ടാം ഘട്ടം ഏപ്രിൽ 25 ന് തുടങ്ങി മേയ് 2 ന് അവസാനിക്കും (6 ദിവസം). മൂല്യനിർണയ ക്യാംപുകളിലേക്കുളള ചീഫ് എക്സാമിനർമാരുടയും അസിസ്റ്റന്റ് എക്സാമിനർമാരുടെയും നിയമന ഉത്തരവുകൾ മാർച്ച് 29 മുതൽ പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിർണയത്തിന് മുന്നോടിയായുളള സ്കീംം ഫൈനലൈസേഷൻ ക്യാംപുകൾ ഏപ്രിൽ 2, 3 തീയതികളിൽ സംസ്ഥാനത്തെ 12 സ്കൂളുകളിലായി നടത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.