സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ നാളെ ആരംഭിക്കും. നാലരലക്ഷത്തോളം കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. മാർച്ച് 28 വരെയാണ് പരീക്ഷ.സംസ്ഥാനത്ത് 2,923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങൾ, ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങൾ ഉൾപ്പടെ 2941 കേന്ദ്രങ്ങളിലായാണ് ഇക്കുറി പരീക്ഷ.

റെഗുലർ വിഭാഗത്തിൽ 4,35,116 പേരും പ്രൈവറ്റായി 2,151 പേരും ഉൾപ്പടെ ആകെ 4,37,267 വിദ്യാർഥികളാണ് ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് 1.45 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. 15 മിനറ്റ് കൂൾ ഓഫ് ടൈമാണ്. ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ഗണിത ശാസ്ത്രം എന്നീ വിഷയങ്ങൾ രണ്ടര മണിക്കൂറും മറ്റ് വിഷയങ്ങൾ ഒന്നരമണിക്കൂറുമാണ് പരീക്ഷ.കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കുട്ടികൾക്കായി പ്രത്യേക സംവിധാനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ 54 കേന്ദ്രങ്ങളിൽ ഏപ്രിൽ അഞ്ച് മുതൽ മേയ് രണ്ട് വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിർണയം. ആദ്യഘട്ടം ഏപ്രിൽ അഞ്ചിന് ആരംഭിച്ച് ഏപ്രിൽ 13ന് അവസാനിക്കും. രണ്ടാം ഘട്ടം ഏപ്രിൽ 25ന് ആരംഭിച്ച് മെയ് രണ്ടിനും അവസാനിക്കും. കേന്ദ്രീകൃത മൂല്യനിർണ്ണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷൻ ക്യാംപുകൾ ഏപ്രിൽ രണ്ട്, മൂന്ന് തിയതികളിൽ സംസ്ഥാനത്തെ 12 സ്‌കൂളുകളിലായി നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.