തൊടുപുഴ: തുടര്‍ പഠനത്തിനുള്ള സൗകര്യങ്ങളുടെ അഭാവം മൂലം പഠനം തന്നെ ഉപേക്ഷിക്കേണ്ടിവരുന്ന ആദിവാസി വിദ്യാര്‍ഥികള്‍ക്കു സര്‍വശിക്ഷാ അഭിയാന്റെ കൈത്താങ്ങ്.

കേരളത്തില്‍ ആദ്യമായി ഇടുക്കി ജില്ലയിലെ മറയൂരില്‍ സര്‍വശിക്ഷാ അഭിയാന്‍ ആദ്യ ട്രൈബല്‍ ബോയ്‌സ് ഹോസ്റ്റൽ പ്രവർത്തനം ആരംഭിച്ചു. അടുത്തിടെ സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ പഠന സൗകര്യങ്ങളുടെ അഭാവം മൂലം താഴ്ന്ന ക്ലാസുകളില്‍ തന്നെ ആണ്‍കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ആണ്‍കുട്ടികള്‍ക്കു പത്താം ക്ലാസ് വരെയുള്ള പഠനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടു ഹോസ്റ്റല്‍ തുടങ്ങാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍വ ശിക്ഷാ അഭിയാനു നിര്‍ദേശം നല്‍കിയത്.

പുതുതായി തുടങ്ങിയ ഹോസ്റ്റലില്‍ നിലവില്‍ മുപ്പതു വിദ്യാര്‍ഥികളാണുള്ളത്. ഇത് ഭാവിയില്‍ നൂറാക്കി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സര്‍വശിക്ഷാ അഭിയാന്‍ ഇടുക്കി ജില്ലാ പ്രൊജക്ട് ഓഫീസര്‍ ജോര്‍ജ് ഇഗ്നേഷ്യസ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് സര്‍വശിക്ഷാ അഭിയാന്‍ ഒരു ഹോസ്റ്റല്‍ ഏറ്റെടുത്തു നടത്തുന്നത്. പുതിയ ഹോസ്റ്റല്‍ സൗകര്യം ലഭ്യമായതോടെ മറയൂര്‍, ചമ്പക്കാട്, ചിന്നക്കനാല്‍ വട്ടവട എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിൽ നിന്നുള്ള കുട്ടികള്‍ക്കു ഹോസ്റ്റലില്‍ താമസിച്ചു പത്താം ക്ലാസ് വരെയുള്ള പഠനം തുടരാനാവും.

വിദ്യാര്‍ഥി സൗഹൃദമായാണ് എസ്എസ്എയുടെ നേതൃത്വത്തിലുള്ള ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ പറയുന്നു. അവധി ദിനങ്ങളില്‍ പ്രത്യേകം പരിശീലനം നേടിയ അധ്യാപകരുടെ സഹായത്തോടെ ആര്‍ട്ട്, മ്യൂസിക്,ക്രാഫ്റ്റ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കും. ഭാഷാ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഉന്നമനം ലക്ഷ്യമിട്ടു പ്രത്യേക പാക്കേജും ആവിഷ്‌കരിക്കുന്നുണ്ട്.കലാ കായിക മേഖലകളിലുള്ള മികവുകള്‍ പോഷിപ്പിക്കാന്‍ ഇന്‍ഡോര്‍, ഔട്ട് ഡോര്‍ ഗെയിമുകളുടെ സാധ്യതകളും വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ തുറന്നുവയ്ക്കുന്നുണ്ട്.

സാമ്പത്തികമായും സാമൂഹിമായും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കു പഠന സൗകര്യം ഉറപ്പാക്കുന്നതിനോടൊപ്പം ട്രൈബല്‍ മേഖലയിലെ അക്കാദമിക് ഗവേഷണങ്ങള്‍ക്കുള്ള ഇടമാക്കി ഈ ഹോസ്റ്റലിനെ മാറ്റാനുള്ള ശ്രമത്തിലാണ് സര്‍വശിക്ഷാ അഭിയാന്‍ അധികൃതര്‍. ഹോസ്റ്റലില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കു താമസ സൗകര്യവും ഭക്ഷണവും പഠനോപകരണങ്ങളുമെല്ലാം എസ് എസ് എ ലഭ്യമാക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ