കൊച്ചി: മാധ്യമപ്രവര്‍ത്തകൻ കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുകയെന്നത് ഗുരുതരമായ തെറ്റാണെന്നും സാധാരണ വാഹനാപകടം എന്ന നിലയില്‍ സംഭവത്തെ കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.
നരഹത്യാ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. ശ്രീറാം തെളിവ് നശിപ്പിച്ചുവെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. നരഹത്യാ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി ഉത്തരവ് റദാക്കുക, നരഹത്യാ കുറ്റം ചുമത്തിയുള്ള കുറ്റവിചാരണയ്ക്ക് ഉത്തരവിടുക എന്നിവയായിരുന്നു സർക്കാരിന്റെ അപ്പീലിലെ അവശ്യങ്ങൾ.
അതേസമയം, രണ്ടാം പ്രതി വഫ ഫിറോസിനെ കേസില്‍ നിന്ന് ഒഴിവാക്കി. കേസില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഡിസ്ചാര്‍ജ് പെറ്റീഷന്‍ പരിഗണിച്ചാണ് വഫ ഫിറോസിനെ ഒഴിവാക്കിയത്.
തിരുവനന്തപുരത്ത് വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ സിറാജ് ദിനപത്രത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബഷീർ മരിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ സഹയാത്രിക വഫ ഫിറോസ് നൽകിയ രഹസ്യ മൊഴി നൽകിയിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ശ്രീറാമായിരുന്നുവെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും അമിതവേഗതയിലായിരുന്നു വാഹനമോടിച്ചതെന്നും മൊഴിയിൽ വഫ ഫിറോസ് വ്യക്തമാക്കിയിരുന്നു.