തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ സർവീസിൽ തിരിച്ചെടുത്തു. ആരോഗ്യ വകുപ്പിലാണ് നിയമനം. കേസിൽ വിധി വരുന്നതുവരെ ഒരാളെ പുറത്തുനിർത്താൻ കഴിയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.
ശ്രീറാമിന്റെ സസ്പെൻഷൻ ഇനിയും നീട്ടാൻ നിയമപരമായി കഴിയില്ലെന്നും ഇതുസംബന്ധിച്ച് നിയമോപദേശം ലഭിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. ഇക്കാര്യത്തിൽ പത്രപ്രവർത്തക യൂണിയനുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിട്ടില്ലെന്നും തീരുമാനം ഫോണിലൂടെ യൂണിയനെ അറിയിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Read Also: കാസർഗോട്ടെ രോഗിയുടേത് ധിക്കാര നടപടി; അന്വേഷണം പുരോഗമിക്കുന്നു: ആരോഗ്യമന്ത്രി
”കേസിൽ ചെയ്യാനുള്ളതൊക്കെ സർക്കാർ ചെയ്തുകഴിഞ്ഞു. ശ്രീരാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് വിചാരണയും ആരംഭിച്ചു. ഈ സാഹചര്യത്തിൽ ഇനിയും സസ്പെൻഷൻ തുടരുന്നത് നിയമപരമായി നിലനിൽക്കില്ലെന്നാണു സർക്കാരിനു ലഭിച്ച നിയമോപദേശം എന്നാണു മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചത്,” ഇ.എസ്. സുഭാഷ് പറഞ്ഞു.
2019 ഓഗസ്റ്റ് മൂന്നിന് അര്‍ധരാത്രിയാണ് ശ്രീറാം ഓടിച്ച കാറിടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ അന്വേഷണ വിധേയമായി ശ്രീറാമിനെ സർക്കാർ സസ്പെൻഡ് ചെയ്തു. ജനുവരിയിൽ ശ്രീറാമിനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശുപാർശ ചെയ്തു. ഇത് വിവാദമായതോടെ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം സസ്പെൻഷൻ മൂന്നു മാസത്തേക്ക് കൂടി നീട്ടി.
മനഃപൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് ശ്രീറാമിനെതിരെ കേസെടുത്തിട്ടുളളത്. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു.