തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ചീഫ് സെക്രട്ടറി നൽകിയ ശുപാർശയാണ് മുഖ്യമന്ത്രി തള്ളിയത്. സസ്പെൻഷൻ കാലാവധി 90 ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്. സസ്പെൻഷൻ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി പുതിയ ഉത്തരവിട്ടു. ആറ് മാസത്തെ സസ്പെൻഷൻ കാലാവധി നാളെ തീരാനിരിക്കെയാണ് നടപടി.
ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ശുപാർശ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നൽകിയത്. സസ്പെൻഷൻ കാലാവധി തീരുന്നതോടെയാണ് ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ നേരത്തെ നിയമിച്ചിരുന്നു.
Read Also: കൊറോണ വെെറസ് ബാധ: ചെെനയിൽ നിന്നു തിരിച്ചുവരുന്ന യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓഗസ്റ്റ് ആറിനാണ് കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല. ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളുകയായിരുന്നു.
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഓഗസ്റ്റ് അഞ്ചിനാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ശ്രീറാം വെങ്കിട്ടരാമനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് ചീഫ് സെക്രട്ടറിയാണ് പുറപ്പെടുവിച്ചത്. സർവേ ഡയറക്ടർ സ്ഥാനത്തുനിന്നാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. നേരത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ചീഫ് സെക്രട്ടറിക്ക് അപകടവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. വകുപ്പുതല അന്വേഷണത്തിനും ചീഫ് സെക്രട്ടറി ഉത്തരവിട്ടിരുന്നു.