തിരുവനന്തപുരം: കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയെന്ന് പൊലീസ്. ശ്രീറാമിന്റെ മൊഴിയെടുക്കുകയും രക്ത സാമ്പിൾ ശേഖരിക്കുകയും ചെയ്തു. കാര്‍ ഓടിച്ചിരുന്നത് ശ്രീറാം തന്നെയാണ് എന്ന് നേരത്തേ ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ ഷഫീക്കും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
തനിക്ക് ശ്രീറാം വെങ്കിട്ടരാമനെ അറിയില്ലെന്നും എന്നാല്‍ ഡ്രൈവിങ് സീറ്റില്‍ നിന്നിറങ്ങിയത് ഒരു പുരുഷന്‍ തന്നെയായിരുന്നുവെന്നും ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നുമാണ് ദൃക്‌സാക്ഷിയായ ഡ്രൈവര്‍ പറഞ്ഞത്. വാഹനത്തിന്റെ വേഗത കണ്ട് പേടിച്ച് താന്‍ സ്വന്തം വണ്ടി മാറ്റിയെന്നും ഇതിനിടയില്‍ കാര്‍ ബൈക്കിലിടിച്ചശേഷം തെന്നി മാറി മതിലില്‍ ഇടിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. വാഹനത്തിന്റെ ഡോർ തുറന്ന് ഡ്രൈവിങ് സീറ്റില്‍ നിന്നും ഒരു പുരുഷന്‍ തന്നെയാണ് ഇറങ്ങി വന്നതെന്നും ഇയാൾ പറഞ്ഞു.
Read More: ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു
സുഹൃത്ത് വഫയായിരുന്നു വാഹനം ഓടിച്ചത് എന്നായിരുന്നു ശ്രീറാം പറഞ്ഞിരുന്നത്. എന്നാൽ ഈ വാദഗതികളെ പൊളിക്കുന്നതാണ് ദൃക്സാക്ഷി നൽകിയ വെളിപ്പെടുത്തലുകൾ. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ മലപ്പുറം സ്വദേശി കെ.എം.ബഷീറാണ് അപകടത്തിൽ മരിച്ചത്. അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംങ്ഷനിൽ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ പരുക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറം തിരൂരില്‍ സിറാജ് ദിനപത്രത്തിന്റെ പ്രാദേശിക റിപ്പോര്‍ട്ടറായി പത്രപ്രവര്‍ത്തനം ആരംഭിച്ച കെ.എം.ബഷീര്‍ സിറാജ് ദിനപത്രത്തിന്റെ മലപ്പുറം സ്റ്റാഫ് റിപ്പോര്‍ട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയിരുന്നു. ഭാര്യ: ജസീല. മക്കള്‍: ജന്ന, അസ്മി.
കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രോജക്ട് ഡയറക്ടർ, ഹൗസിങ് കമ്മിഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നൽകിയിരുന്നു. മന്ത്രിസഭയുടേതാണ് തീരുമാനം. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുൻ ദേവികുളം സബ് കലക്ടറാണ് ശ്രീറാം വെങ്കിട്ടരാമൻ.