തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനായ കെ.എം.ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. ശ്രീറാം മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. അഭിഭാഷകരായ വി.എസ്‌.ഭാസുരേന്ദ്രൻ നായർ, ആർ.പ്രവീൺ കുമാർ എന്നിവരാണ്‌ പ്രതിക്കുവേണ്ടി ജാമ്യാപേക്ഷ സമർപ്പിച്ചത്.

താൻ മദ്യപിച്ചിരുന്നില്ലെന്നും തനിക്കെതിരായ കേസിന് പിന്നിൽ രാഷ്ട്രീയ, മാധ്യമ സമ്മർദ്ദമാണെന്നുമാണ് ശ്രീറാം ഉന്നയിക്കുന്ന പ്രധാന വാദം. ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി. അതേസമയം മെഡിക്കൽ ബോർഡിന്റെ നിരീക്ഷണത്തിലുള്ള ശ്രീറാം ട്രോമ ഐസിയുവിൽ തുടരുകയാണ്.

Read More: ശ്രീറാം മദ്യപിച്ചിരുന്നു, കാറുമായി കവടിയാർ വരാൻ പറഞ്ഞു; വഫയുടെ രഹസ്യ മൊഴി പുറത്ത്

സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ സഹയാത്രിക വഫ ഫിറോസ് നൽകിയ രഹസ്യ മൊഴി പുറത്തുവന്നു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ശ്രീറാമായിരുന്നുവെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും വഫ. അമിതവേഗതയിലായിരുന്നു വാഹനമോടിച്ചതെന്നും മൊഴിയിൽ വഫ ഫിറോസ് വ്യക്തമാക്കുന്നു.

കേസിന്‍റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്ഐയെ ഇന്നലെ സസ്പെന്‍റ് ചെയ്തിരുന്നു. മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്ഐ ജയപ്രകാശിനെയാണ് സസ്പെന്റ് ചെയ്തത്. ജയപ്രകാശിന് വീഴ്ചയുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

കേസിൽ മ്യൂസിയം പൊലീസിന് അടിമുടി വീഴ്ച സംഭവിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിൽ പറയുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാല് മണിക്കൂര്‍ വൈകിയതായും ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതില്‍ വീഴ്ച ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ സ്റ്റേഷന്‍ രേഖകളില്‍ അപകട വിവരം രേഖപ്പെടുത്തിയിട്ടും കേസെടുത്തില്ല എന്നും ആരോപണമുണ്ട്. സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചീഫ് സെക്രട്ടറി ടോം ജോസിന് റിപ്പോര്‍ട്ട് നല്‍കി.

ഡിജിപി നിയോഗിച്ച പുതിയ അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. എഡ‍ിജിപി ഷേക്ക് ദർ‍വ്വേഷ് സാബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം യോഗം ചേർന്ന് തുടർ നടപടികൾ തീരുമാനിക്കും. ഷീൻ തറയിലാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ അപകടം നടന്ന സ്ഥലം പരിശോധിച്ച ശേഷം, മ്യൂസിയം സ്റ്റേഷനിൽ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകൾ വാങ്ങും.

അതേസമയം സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഐഎഎസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ശ്രീറാം വെങ്കിട്ടരാമനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് ചീഫ് സെക്രട്ടറിയാണ് പുറപ്പെടുവിച്ചത്. സർവേ ഡയറക്ടർ സ്ഥാനത്തുനിന്നാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. നേരത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ചീഫ് സെക്രട്ടറിക്ക് അപകടവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. വകുപ്പുതല അന്വേഷണത്തിനും ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.