തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും
വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനില്‍ക്കുള്ളുവെന്നും ശ്രീറാം ഹര്‍ജിയില്‍ പറഞ്ഞു.
കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം രംഗത്തെത്തിയത്. നിലവില്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. അപകടകരമായി വാഹനം ഓടിക്കാന്‍ ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. താന്‍ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം.
തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാല്‍, കുറ്റപത്രത്തില്‍ അന്വേഷണ സംഘം ഉള്‍പ്പെടുത്തിയ 100 സാക്ഷികളില്‍ ഒരാള്‍ പോലും വഫയ്‌ക്കെതിരെ മൊഴി നല്‍കിയിട്ടില്ല. ഇക്കാര്യം വഫയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. രേഖകളിലോ പൊലീസിന്റെ അനുബന്ധ രേഖകളിലോ തെളിവില്ലെന്നും വഫയുടെ വാദം.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. ബഷീറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.