പമ്പ: ശബരിമലയിൽ താന്‍ ദര്‍ശനം നടത്തിയിട്ടില്ലെന്ന് ശ്രീലങ്കൻ സ്വദേശിയായ ശശികല. മരക്കൂട്ടം വരെ എത്തിയതിന് ശേഷമാണ് ശശികലയ്ക്ക് മടങ്ങേണ്ടി വന്നത്. ഭര്‍ത്താവിനും കുട്ടിക്കുമൊപ്പമായിരുന്നു ശശികല എത്തിയത്.
ഇവർ പതിനെട്ടാം പടി കയറി ക്ഷേത്രത്തില്‍ എത്തി ദർശനം നടത്തിയതായി ഇന്നലെ രാത്രി തന്നെ പൊലീസും മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ താന്‍ ദർശനം നടത്തിയില്ലെന്ന് വ്യക്തമാക്കി യുവതി തന്നെ പിന്നീട് രംഗത്തെത്തുകയായിരുന്നു. താനൊരു ഭക്തയാണെന്നും അയ്യപ്പനെ കാണാനുള്ള അവകാശം തനിക്കുണ്ടെന്നും എന്നാല്‍ പൊലീസ് തന്നെ തിരിച്ചയക്കുകയായിരുന്നുവെന്നും ശശികല പറഞ്ഞു.
Read More: പതിനെട്ടാം പടി കയറി അയ്യനെക്കണ്ട് 46കാരിയായ ശശികല
ശശികലയുടെ പാസ്പോര്‍ട്ടിലെ ജനനത്തീയതി 1972 ഡിസംബര്‍ മൂന്നാണെന്നും അശോക് കുമാരന് എന്നയാളുടെ മകളാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ദര്‍ശന സമയം മുന്‍കൂട്ടി അറിയിച്ച ശശികലയും കുടുംബവും അവരുടെ പ്രായം സംബന്ധിച്ച രേഖകള്‍ നേരത്തേ തന്നെ നൽകിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതിഷേധത്തെ കുറിച്ച് ശശികലയെ അറിയിച്ചതായും അതോടെ അവര്‍ മടങ്ങാന്‍ സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.