തൊടുപുഴ: അപൂര്‍വ ജൈവ വൈവിധ്യങ്ങളുടെ കലവറയായ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ മാക്കാച്ചി കാടയെ (Ceylon Frogmouth or Sri lankan Frogmouth) കണ്ടെത്തി. പശ്ചിമഘട്ടത്തിന്റെ കിഴക്കേ ഭാഗം ഉള്‍ക്കൊള്ളുന്ന കേരളത്തിന്റെ ഭാഗത്ത് ആദ്യമായാണ് മാക്കാച്ചികാടയുടെ സാന്നിധ്യം ദൃശ്യമാകുന്നതെന്ന് ചിന്നാര്‍ വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി എം പ്രഭു പറയുന്നു.

ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ ട്രക്കിങ് നടത്തുകയായിരുന്ന സഞ്ചാരികള്‍ അപ്രതീക്ഷിതമായാണ് മാക്കാച്ചി കാടയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. തുടക്കത്തില്‍ രാച്ചുക്ക് എന്ന വിഭാഗത്തില്‍പെടുന്ന പക്ഷിയാണെന്ന് കരുതിയെങ്കിലും സൂക്ഷ്മ നിരീക്ഷണത്തില്‍ മാക്കാച്ചിക്കാടയാണെന്ന് വ്യക്തമാവുകയായിരുന്നു.

തട്ടേക്കാട് സ്വദേശിയായ വിമല്‍, ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ട്രെക്കെര്‍  വിജയന്‍ എന്നിവരാണ് ആദ്യമായി പക്ഷിയെ കണ്ടത്. തുടര്‍ന്ന് ചിന്നാര്‍ വന്യജീവി സങ്കേതം അസിസ്റ്റന്റ് വാര്‍ഡനായ പി എം പ്രഭു ചിന്നാര്‍ പുഴയോരത്ത് വീണ്ടും ആണ്‍ വര്‍ഗത്തില്‍പ്പെട്ട മാക്കാച്ചി കാടയെ കണ്ടെത്തുകയായിരുന്നു.

പ്രധാനമായും പ്രാണികളെ ആഹാരമാക്കുന്ന മാക്കാച്ചികാട രാത്രി ഇര തേടുന്ന പക്ഷിയാണ്. ജനുവരി- ഏപ്രില്‍ മാസങ്ങളിലെ ഇടവേളയില്‍ ഇണ ചേരുന്ന പക്ഷി ഒരു മുട്ടയാണ് ഒരു വര്‍ഷം ഇടുക. പന്നലുകളും പായലുകളും മരത്തില്‍ തൊലിയും ചേര്‍ത്തു വട്ടത്തില്‍ ചെറിയൊരു കൂട് ഉണ്ടാക്കുകയും അതില്‍ മുട്ടയിട്ടു വിരിയിക്കുകയുമാണ് പതിവ്. മറ്റൊരു സവിശേഷമായ പ്രത്യേകത ആണ്‍ പക്ഷിയും മുട്ടയ്ക്ക് അടയിരിക്കാറുണ്ടെ ന്നതാണ്. മുട്ടവിരിയുന്നതോടെ ആണ്‍പക്ഷി കൂടു തകര്‍ത്തുകളയാറാണ് പതിവ്, പ്രഭു പറയുന്നു.

ശ്രീലങ്കൻ ഫ്രോഗ്‌മൗത്തിനെ കുറിച്ച് പക്ഷി നിരീക്ഷകനായ സി. സുശാന്തിന്റെ വിഡിയോ

ശ്രീലങ്കയില്‍ തനതായ ആവാസവ്യവസ്ഥയുളള മാക്കാച്ചി കാടയെ കേരളത്തില്‍ തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ വ്യാപകമായി കാണാനാവും. ഇതോടൊപ്പം നെല്ലിയാമ്പതി,ചിമ്മിനി, പറമ്പിക്കുളം, തെന്മല, വയനാട് തുടങ്ങിയ ഭാഗങ്ങളിലും മാക്കാച്ചി കാടയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്, അധികൃതര്‍ പറയുന്നു. പൊതുവേ ശാന്തസ്വഭാവമുള്ള മാക്കാച്ചി കാട പകല്‍സമയം വിശ്രമിക്കുകയാണ് പതിവ്. വള്ളിപ്പടര്‍പ്പുകള്‍, ധാരാളം ഇലകളുള്ള ചെറുമരങ്ങള്‍ എന്നിവയില്‍ പാര്‍ക്കുന്ന മാക്കാച്ചി കാടയെ വരണ്ട മുള്‍ക്കാടുകളും ഇലപൊഴിയും കാടുകളും നിറഞ്ഞ ചിന്നാര്‍ വന്യജീവി സങ്കേതത്തിലാണ് കണ്ടെത്തിയത് എന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്ന് പ്രഭു പറഞ്ഞു.

മാക്കാച്ചി കാടയുടെ നിലവിലെ ആവാസ വ്യവസ്ഥ പഠിക്കാനും സംരക്ഷിക്കാനുമുള്ള നടപടികള്‍ തുടങ്ങിയതായും തുടര്‍ന്നുള്ള മാസങ്ങളില്‍ ഇവയുടെ പ്രജനനകാലമായതിനാല്‍ പക്ഷികളെ കാണാന്‍ തല്‍ക്കാലം സഞ്ചാരികള്‍ക്ക് വനംവകുപ്പ് അവസരം നല്‍കില്ലെന്നും  പ്രഭു വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.