Latest News

തിരുവനന്തപുരത്ത് അറസ്റ്റിലായ ശ്രീലങ്കൻ സ്വദേശിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

യാത്രയ്ക്കിടെ തന്റെ പാസ്സ്‌പോര്‍ട്ട്, വിസ, മറ്റ് രേഖകള്‍ എന്നിവ അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടു എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

arrest, ie malayalam

തിരുവനന്തപുരം: തലസ്ഥാനത്തു നിന്നും യാത്രാ രേഖകളില്ലാതെ ചുറ്റിത്തിരിഞ്ഞിരുന്ന ശ്രീലങ്കന്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. 30കാരനായ മലൂജ് ജൂത്ത് മില്‍ക്കന്‍ ഡയസ് എന്നയാളാണ് ഞായറാഴ്ച അറസ്റ്റിലായത്. തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്ത് നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു അറസ്റ്റ്.

‘ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ നിന്നും ഇയാളോട് സംസാരിക്കാന്‍ മൊഴിമാറ്റം ചെയ്യാന്‍ ആളുകളെ ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഒന്നും വെളിപ്പെടുത്തുന്നില്ല. ഇപ്പോള്‍ അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹത്തെ നാഗര്‍കോവിലിലേക്ക് കൊണ്ടു പോയിരിക്കുകയാണ്. ഇന്ന് മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കും,’ പൊലീസ് അറിയിച്ചു.

യാത്രയ്ക്കിടെ തന്റെ പാസ്പോര്‍ട്ട്, വിസ, മറ്റ് രേഖകള്‍ എന്നിവ അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടു എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ ഇയാള്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ‘ഇന്റലിജന്‍സ് ബ്യൂറോയും മറ്റ് ദേശീയ അന്വേഷണ ഏജന്‍സികളും ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്,’ പൊലീസ് പറഞ്ഞു. ഫെബ്രുവരി 20-ാം തീയതിയാണ് താന്‍ കേരളത്തില്‍ എത്തിയതെന്ന് ഡയസ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

Read More: ശ്രീലങ്കൻ ഭീകരാക്രമണം: ഭീകരർ കേരളത്തിലും എത്തിയിരുന്നതായി ലങ്കൻ സൈനിക മേധാവി

അതേസമയം, ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനത്തിന് മുന്നോടിയായി ഭീകരര്‍ കേരളത്തിലും എത്തിയിരുന്നു എന്ന ശ്രീലങ്കന്‍ സൈനിക മേധാവിയുടെ സ്ഥിരീകരണവുമായി നിലവിലെ സംഭവത്തിന് ബന്ധമുണ്ടോ എന്ന അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍. ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനനായകെയാണ് ഭീകരര്‍ ഇന്ത്യയില്‍ എത്തിയതായി സ്ഥിരീകരിച്ചത്. ഭീകരര്‍ കശ്മീരിലും ബെംഗളൂരുവിലും കേരളത്തിലുമെത്തിയെന്നാണ് സൈനിക തലവന്‍ പറയുന്നത്.

ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനനായകെ ഭീകരര്‍ ഇന്ത്യയില്‍ എത്തിയതായി പറയുന്നത്. മറ്റ് സംഘടനകളുമായി ചേരാനോ പരിശീലനത്തിനോ ആയിരിക്കാം ഇവര്‍ ഇന്ത്യയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഫോടനത്തിനു നേതൃത്വം നല്‍കിയവര്‍ നടത്തിയ യാത്രകള്‍ പരിശോധിച്ചാല്‍ ആക്രമണത്തിനു രാജ്യാന്തര സഹായം ലഭിച്ചിട്ടുണ്ടെന്നു വിലയിരുത്താന്‍ കഴിയുമെന്നും ലഫ്ന്റനന്റ് ജനറല്‍ മഹേഷ് സേനാനായകെ പറഞ്ഞു.

ഐഎസുമായി ബന്ധമുള്ള മലയാളിയെ കഴിഞ്ഞ ദിവസം കേരളത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് സ്വദേശി റിയാസ് അബൂബക്കറുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാള്‍ കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതായി എന്‍ഐഎ സ്ഥിരീകരിച്ചു. പാലക്കാടും കാസർകോടും എന്‍ഐഎ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ ഐഎസ്‌ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തിയവരുമായും റിയാസിന് ബന്ധമുള്ളതായും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ശ്രീലങ്കന്‍ ആക്രമണവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നാണ് സ്ഥിരീകരണം.

ഈസ്റ്റര്‍ ദിനത്തില്‍ പളളികളെയും ഹോട്ടലുകളെയും ലക്ഷ്യമിട്ടായിരുന്നു ശ്രീലങ്കയില്‍ സ്ഫോടനമുണ്ടായത്. ആദ്യ ആറു സ്ഫോടനങ്ങള്‍ക്കുശേഷം ഉച്ച കഴിഞ്ഞായിരുന്നു രണ്ടു സ്ഫോടനം. രാവിലെ 8.45 ന് ഈസ്റ്റര്‍ പ്രാര്‍ഥനകള്‍ നടക്കുമ്പോഴായിരുന്നു കൊളംബോയിലെ സെന്റ് ആന്റണീസ് പളളിയിലും നഗോംബോ സെന്റ് സെബാസ്റ്റ്യന്‍സ് പളളിയിലും ബട്ടിക്കലോവയിലെ സിയോന്‍ ചര്‍ച്ചിലും സ്ഫോടനമുണ്ടായത്. ഇതിനുപിന്നാലെ വിദേശ സഞ്ചാരികളുടെ താമസ കേന്ദ്രങ്ങളായ ഷാങ്ഗ്രില, സിനമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ സ്ഫോടനമുണ്ടായി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sri lankan national will be produced before magistrate today

Next Story
Win Win W-511 Lottery Result: വിൻ വിൻ W-511 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചുwin win lottery, kerala lottery, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com