കൊച്ചി: ശ്രീവത്സം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ആദായ നികുതി വകുപ്പ് 425 കോടിയുടെ വരവിൽ കവിഞ്ഞ സ്വത്ത് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്. നാഗാലാൻഡിലെ ഉദ്യോഗസ്ഥരുടെ കള്ളപ്പണം എത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും പരിശോധന തുടരുകയാണെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ, 50 കോടിയുടെ അധിക സ്വത്തെന്നായിരുന്നു ശ്രീവത്സം അധികൃതർ വ്യക്തമാക്കിയിരുന്നത്. പരിശോധന തുടങ്ങിയ ദിവസം മുതൽ ആറുവർഷം പിന്നോട്ടുള്ള കണക്കുകളാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്. നേരത്തെ, ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂമിയിടപാട് നടത്തിയിട്ടുണ്ടെന്നും മൂന്നാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഇവർക്ക് വൻ ഇടപാടുകൾ ഉണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

അതേസമയം, കള്ളപ്പണം പിടികൂടിയ ശ്രീവത്സം ഗ്രൂപ്പുമായി യുഡിഎഫിനും യുഡിഎഫിലെ ഒരു മുന്‍മന്ത്രിക്കും ബന്ധമുണെന്ന ആരോപണം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമൂഹത്തില്‍ സൃഷ്ടിച്ച സംശയം ദൂരീകരിക്കുന്നതിന് സി.ബി.ഐയെക്കൊണ്ടോ സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിയെക്കൊണ്ടോ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

‘സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം യു.ഡി.എഫിനെതിരെ പുകമറ സൃഷ്ടിക്കുന്ന തരത്തില്‍ അവ്യക്തമായ ആരോപണമാണ് ഉന്നയിച്ചത്. സിപിഐയുടെ നേതാക്കള്‍ക്ക് ശ്രീവത്സം ഗ്രൂപ്പുമായുള്ള ബന്ധത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് സിപിഐ യുഡിഎഫിനെതിരെ ആരോപണം ഉന്നിച്ചതെങ്കിലും അത് മാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥിതിക്ക് ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. യുഡിഎഫിലെ ഒരു മുന്‍മന്ത്രിക്ക് ശ്രീവത്സം ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം ദുഷ്ടലാക്കോടെയാണ്’ രമേശ് ചെന്നിത്തല കത്തിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ