കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കരിനിഴലിലായ ശ്രീവത്സം ഗ്രൂപ്പിന് കേരളത്തിൽ ഒത്താശ ചെയ്തത് യുഡിഎഫ് നേതാക്കളെന്ന ആരോപണവുമായി സിപിഐ നേതാവ് രംഗത്ത്. യുഡിഎഫിന്റെ മുൻ മന്ത്രി ഇടനിലക്കാരനായി നിരവധി സഹായങ്ങൾ ശ്രീവത്സം ഗ്രൂപ്പിന് ചെയ്ത് കൊടുത്തുവെന്നാണ് സിപിഐ പത്തനംതിട്ട ജില്ല സെക്രട്ടറിയായ ആഞ്ചലോസ് ഇന്ന് പറഞ്ഞത്.

അതേസമയം കുളനടയിലെ സാധാരണ കുടുംബത്തിൽനിന്നു തൊഴിൽ തേടി നാഗാലാൻഡിൽ പോയ എം.കെ.ആർ.പിള്ളയുടെ ഇടപാടുകൾ സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ലെന്നാണ് വിവരം. ശ്രീവത്സം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയില്‍ പത്ത് കോടിയോളം രൂപയുടെ ഭൂമിയിടപാടുകൾ സംബന്ധിച്ച് രേഖകൾ ആദായനികുതി വകുപ്പ് കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്.

കേരളത്തിൽ എം.കെ. രാജേന്ദ്രന്‍ പിള്ള ഇടപാടുകള്‍ നടത്തിയത് വ്യാജ കമ്പനികളുടെ പേരിലാണെന്നാണ് വിവരം. ഇത് സംബന്ധിച്ച് വിശദമായ പരിശോധന ആദായ നികുതി വകുപ്പ് നടത്തിവരുന്നുണ്ട്. 15 വർഷംകൊണ്ട് വൻ ധനികനായി മാറിയ ഇദ്ദേഹം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണു സ്ഥാപനങ്ങളേറെയും സ്ഥാപിച്ചത്. ആറിടത്തു ജ്വല്ലറികളും മണിമറ്റം ഫിനാൻസ് എന്ന പേരിൽ ധനകാര്യ സ്ഥാപനവും ഗ്രൂപ്പിന് കീഴിലുണ്ടെന്നാണ് വിവരം.

കൊല്ലത്തെ ട്രാന്‍സ്വേള്‍ഡ് ഹയര്‍ പര്‍ച്ചേസ് ഇന്ത്യാ ലിമിറ്റഡ് എന്ന സ്ഥാപനം ഇന്ത്യാ ബാങ്ക് ലേലത്തില്‍ വിറ്റതിലും ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. രാജേന്ദ്രൻ പിള്ളയുടെ മകൻ അരുൺ രാജിന്റെ പേരിൽ കൊഹിമയിലെ കമ്പനികളാണ് 3.2 കോടി ബാങ്കിൽ കെട്ടിവച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒൻപത് സ്ഥാപനങ്ങളാണ് അരുണിന് 10 ലക്ഷം മുതൽ 50 ലക്ഷം വരെ വായ്പ നൽകിയത്.

മുൻപും എം.കെ.രാജേന്ദ്രൻ പിള്ളയ്ക്ക് എതിരെ പരിശോധനകൾ നടന്നിട്ടുണ്ടെങ്കിലും കാര്യമായ നടപടികളുണ്ടായിട്ടില്ലെന്നാണ് വിവരം. വിശദമായ പരിശോധന നടത്തി അനധികൃത സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടെത്തുന്നത് ഇപ്പോഴാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ