തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് വാദം പൊളിയുന്നു. തിരുവനന്തപുരം മ്യൂസിയം പരിസരത്തെ സിസിടിവി ക്യാമറ പ്രവർത്തനക്ഷമമായിരുന്നില്ലെന്ന വാദമാണ് പൊളിയുന്നത്. വിവരാവകാശ രേഖയിലാണ് പൊലീസിന് തിരിച്ചടിയായി ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.
അപകടംം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചില്ലെന്നായിരുന്നു പൊലീസ് നേരത്തെ പറഞ്ഞിരുന്നത്. ക്യാമറ കേടായതിനാലാണ് ദൃശ്യങ്ങൾ ലഭിക്കാതിരുന്നതെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ, ഇത് കളവാണെന്ന് തെളിയിക്കുന്നതാണ് വിവരാവകാശ രേഖയിലൂടെ ലഭിച്ച മറുപടി.
Read Also; വിട്ടൊഴിയാത്ത വിവാദങ്ങൾ: ഹീറോയിൽ നിന്ന് വില്ലനിലേക്ക് ശ്രീറാം വെങ്കിട്ടരാമൻ
മ്യൂസിയം പരിസരത്തെ ക്യാമറ പ്രവര്‍ത്തനസജ്ജമാണെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പൊലീസ് നല്‍കിയിരിക്കുന്ന മറുപടി. കഴിഞ്ഞ മാസം 27നാണ് ഈ മറുപടി പൊലീസ് നല്‍കിയിരിക്കുന്നത്.
അപകടം നടന്ന സമയത്ത് ക്യാമറ കേടായിരുന്നു എന്ന വാദത്തിൽ പൊലീസ് ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. ക്യാമറകൾ പ്രവർത്തന സജ്ജമായ ശേഷമാണ് വിവരാവകാശ അപേക്ഷ ലഭിച്ചതെന്നും ഇപ്പോൾ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നു.