Latest News

ശ്രീറാമിന് അംനേഷ്യ ആണെന്ന് ഡോക്ടര്‍മാര്‍; വഫയുടെ മൊഴി വീണ്ടുമെടുക്കും

ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു

Vafa and Sreeram

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് റെട്രൊഗ്രോഡ് അംനേഷ്യ ആണെന്ന് ഡോക്ടര്‍മാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം പറഞ്ഞത്. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണമായും ഓര്‍ത്തെടുക്കാനാവാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. സംഭവിച്ച കാര്യങ്ങളെ കുറിച്ച് ശ്രീറാം മറന്നുപോയിട്ടുണ്ടാകാം എന്നാണ് ഡോക്ടർമാർ പറയുന്നത്. ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണ് ഇതെന്നും ഒരുപക്ഷേ സംഭവത്തെ കുറിച്ച് എന്നന്നേക്കുമായി മറന്നുപോകാനും ചിലപ്പോള്‍ സമ്മര്‍ദം മാറുമ്പോള്‍ അതേകുറിച്ച് ഓര്‍ത്തെടുക്കാനും കഴിഞ്ഞേക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടത്തില്‍ കഴുത്തിന് പരുക്കേറ്റിട്ടുണ്ട്. തലകറക്കവും തലവേദനയും അനുഭവപ്പെടുന്നുണ്ട്. അതല്ലാതെ മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളൊന്നും ശ്രീറാമിന് ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ന്യൂറോ സര്‍ജറി നിരീക്ഷണ വാര്‍ഡിലാണ് ശ്രീറാം ഇപ്പോള്‍ ഉള്ളത്.

Read Also: മദ്യത്തിന്റെ മണം അറിയില്ല, ശ്രീറാമിനെ ഒരുതരം മണം ഉണ്ടായിരുന്നു: വഫ ഫിറോസ്

അതേസമയം, ശ്രീറാമിനെതിരായ കേസില്‍ അന്വേഷണം ആദ്യം മുതല്‍ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. വഫ ഫിറോസിന്റെയും ശ്രീറാമിന്റെയും മൊഴി വീണ്ടും രേഖപ്പെടുത്തും. ശ്രീറാമിനെ ചികിത്സിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ സാക്ഷിയാക്കും. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. ആദ്യ അന്വേഷണ സംഘത്തിലെ പൊലീസുകാരുടെയും മൊഴിയെടുത്തു.

ശ്രീറാമിന്റെ കാര്യത്തിൽ പൊലീസിന്റെ വീഴ്ച പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. . ശ്രീറാം മദ്യപിച്ച് അമിത വേഗതയിലാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി. ഇത് ബോധ്യമായതോടെ ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് കേസെടുത്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസ് അന്വേഷണത്തിൽ വെള്ളം ചേർക്കാൻ ശ്രമിച്ചാൽ അവർക്കെതിരെയും കർശനമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബഷീറിന്റെ കുടുംബത്തെ സംരക്ഷിക്കാൻ എന്ത് ചെയ്യാമെന്നത് സർക്കാർ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യം കഴിച്ചിട്ടില്ലെങ്കിൽ തന്നെ അമിത വേഗതയിൽ വാഹനം ഓടിക്കരുതെന്ന് ശ്രീറാമിന് അറിയില്ലെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കാര്യങ്ങൾ അറിയുന്ന ഒരാൾ തെറ്റ് ചെയ്യുമ്പോൾ അതിന്റെ ഗൗരവം വർധിക്കും. കേസിൽ വിശദമായ അന്വേഷണം നടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ശ്രീറാം വെങ്കിട്ടരാമന് ജാമ്യം; മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാൻ സാധിച്ചില്ല

അതേസമയം കേസിൽ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവമാണ് ഹൈക്കോടതി നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചാല്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ എന്തുകൊണ്ട് പാലിച്ചില്ലെന്ന് കോടതി പൊലീസിനോട് ചോദിച്ചു. ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിന് അടിയന്തര സ്റ്റേയില്ലെന്നും കോടതി വ്യക്തമാക്കി.

വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തെളിവു നശിപ്പിക്കാന്‍ ശ്രീറാം ശ്രമിച്ചുവെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹായം ഇതിനായി തേടിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. രൂക്ഷമായ ഭാഷയിലാണ് കോടതി പൊലീസിനെ വിമര്‍ശിച്ചത്. വൈദ്യ പരിശോധന നടത്തി തെളിവ് കണ്ടെത്താനാകാത്തത് ന്യായീകരണമല്ലെന്ന് കോടതി. ഗവര്‍ണറുടെ വസതയടക്കമുള്ള റോഡില്‍ സിസി ടിവി ഇല്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ എന്ന് ചോദിച്ച കോടതി തെളിവുകള്‍ ശ്രീറാം സ്വയം കൊണ്ട് വരുമോ എന്നും ചോദിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sreeram venkitaraman suffering amnesia says doctors fafa firoz

Next Story
ജാഗ്രത! അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍Kerala Rain, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com