തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കുകയും അതുവഴി ഒരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചേക്കും. സര്‍വീസില്‍ നിന്ന് ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്യാനാണ് സാധ്യത. കേസില്‍ പെട്ട് ഉദ്യോഗസ്ഥന്‍ റിമാന്‍ഡിലായാല്‍ 48 മണിക്കൂറിനുള്ളില്‍ സസ്‌പെന്‍ഡ് ചെയ്യാമെന്നാണ് നിയമം. ഇന്ന് തന്നെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങാനാണ് സാധ്യത. ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് ചീഫ് സെക്രട്ടറിക്ക് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കും.

രണ്ടാം റാങ്കോടെ സിവില്‍ സര്‍വീസിലെത്തിയ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. സിവില്‍ സര്‍വീസ് 2013 ബാച്ചുകാരനാണ് ശ്രീറാം. കേരളത്തിലും കേന്ദ്രത്തിലും വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. യുകെയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം നടത്തി തിരിച്ചുവന്നു. അതിനു ശേഷമാണ് ലാന്‍ഡ് സര്‍വേ ഡയറക്ടറായി ചുമതലയേറ്റത്. ഇതിനിടയിലാണ് കരിയറിന് തന്നെ വലിയ തിരിച്ചടിയായി കൊണ്ട് വാഹനാപകടം സംഭവിക്കുന്നത്. നരഹത്യയുടെ പേരില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ നടപടി നേരിടേണ്ടി വരുന്നത് അപൂര്‍വ്വമാണ്.

Read Also: താന്‍ മദ്യപിച്ചിട്ടില്ല എന്ന് ശ്രീറാം; മാധ്യമ സൃഷ്ടിയെന്നും ആരോപണം

അതേസമയം, മെഡിക്കല്‍ കോളേജ് സെല്‍ വാര്‍ഡിലുള്ള ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് പരിഗണിക്കുക. കുറ്റങ്ങളെല്ലാം നിഷേധിച്ചുള്ളതാണ് ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ. തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ശ്രീറാം കുറ്റങ്ങള്‍ നിഷേധിച്ചിരിക്കുന്നത്. എല്ലാം മാധ്യമ സൃഷ്ടിയാണെന്നും മാധ്യമങ്ങള്‍ പറയുന്നതു പോലെ തനിക്കെതിരെ നടപടി സ്വീകരിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ ആരോപിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. താന്‍ മദ്യപിച്ചിട്ടില്ല എന്നും അപകടത്തില്‍ തനിക്കും ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നും ശ്രീറാം പറയുന്നു. അപകടത്തില്‍ ഇടതു കൈയ്ക്ക് പരുക്കേറ്റിട്ടുള്ളതായി ശ്രീറാം ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.

സ്വകാര്യ ആശുപത്രിയിൽ നിന്ന്‌ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റാനായി ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ കോടതി (അഞ്ച്‌)മജിസ്‌ട്രേറ്റ് എസ്‌.ആർ.അമലിന്റെ വീട്ടിലെത്തിച്ചപ്പോഴാണ്‌ ജാമ്യാപേക്ഷ നൽകിയത്‌. അപേക്ഷ മജിസ്‌ട്രേറ്റ് സ്വീകരിച്ചില്ല. തിങ്കളാഴ്‌ച കോടതിയിൽ നൽകാൻ നിർദേശിക്കുകയായിരുന്നു. അഭിഭാഷകരായ വി.എസ്‌.ഭാസുരേന്ദ്രൻ നായർ, ആർ.പ്രവീൺ കുമാർ എന്നിവരാണ്‌ പ്രതിക്കുവേണ്ടി ഹാജരായത്‌.

ശ്രീറാമിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുന്ന കാര്യവും സർക്കാർ പരിശോധിക്കുന്നുണ്ട്.

Read More: വിട്ടൊഴിയാത്ത വിവാദങ്ങൾ: ഹീറോയിൽ നിന്ന് വില്ലനിലേക്ക് ശ്രീറാം വെങ്കിട്ടരാമൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.