തിരുവനന്തപുരം: റിമാന്‍ഡിലായിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ സ്വകാര്യ ആശുപത്രിയിലെ സുഖസൗകര്യങ്ങളില്‍ കഴിയുകയാണ്. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല. സ്വകാര്യ ആശുപത്രിയില്‍ എസി ഡീലക്‌സ് മുറിയടക്കമുള്ള സൗകര്യങ്ങളോടെയാണ് ശ്രീറാം കഴിയുന്നത്.

Also Read: കെ.എം.ബിയ്ക്ക് വിട ചൊല്ലി ജന്മനാട്; ശ്രീറാം വെങ്കിട്ടരാമന്‍ റിമാന്‍ഡില്‍

സ്‌കാനിങ്ങും മറ്റും ഉണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ശ്രീറാമിനൊപ്പം ആശുപത്രിയിലുള്ള ഡോക്ടര്‍മാര്‍ ശ്രീറാമിന്റെ സുഹൃത്തുക്കളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫോണ്‍ ഉപയോഗിക്കുന്നതിനും തടസമില്ല. മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ കഴിയാത്ത പരുക്ക് ശ്രീറാമിന് ഇല്ലെന്നും പൊലീസ് സ്വകാര്യ ആശുപത്രിയില്‍ തുടരാന്‍ അനുവദിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, മദ്യത്തിന്റെ അളവ് കുറക്കാന്‍ മരുന്ന് കഴിച്ചോ എന്ന സംശയവും ശക്തമാണ്.

പൊലീസ് അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് വാഹനാപകടത്തില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. കേസിലെ പ്രതിയായ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിയത് തന്നെ ദുരൂഹമാണെന്ന് സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍. സാക്ഷികള്‍ മൊഴി മാറ്റി പറയാന്‍ സാധ്യതയുണ്ടെന്നതടക്കമുള്ള സംശയവും തങ്ങള്‍ക്കുണ്ട്. സിറാജ് പത്രത്തിന്റെ അധികൃതരുമായി കൂടിയാലോചിച്ച് തുടര്‍ കാര്യങ്ങള്‍ ചെയ്യുമെന്നും അബ്ദുള്‍ റഹ്മാന്‍ വ്യക്തമാക്കി.

Read More: വിട്ടൊഴിയാത്ത വിവാദങ്ങൾ: ഹീറോയിൽ നിന്ന് വില്ലനിലേക്ക് ശ്രീറാം വെങ്കിട്ടരാമൻ

വാഹനാപകടക്കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ റിമാന്‍ഡ് ചെയ്തിരുന്നു. ശ്രീറാം ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരത്തെ ആശുപത്രിയില്‍ എത്തിയാണ് മജിസ്‌ട്രേറ്റ് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തത്. തല്‍ക്കാലം ശ്രീറാം പോലീസ് കാവലില്‍ ആശുപത്രിയില്‍ തുടരുകയാണ്. ഡിസ്ചാര്‍ജ് ആയാല്‍ ശ്രീറാമിനെ സബ് ജയിലിലേയ്ക്ക് മാറ്റും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.