തിരുവനന്തപുരം: വാഹനാപകട കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് ആശുപത്രിയില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്. വെങ്കിട്ടരാമന് ഫൈവ് സ്റ്റാര്‍ സുഖസൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് പത്രപ്രവര്‍ത്തക യൂണിയന് ആരോപിച്ചു. കിംസ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് ശ്രീറാമിനെ മാറ്റണമെന്നാണ് പത്രപ്രവര്‍ത്തക യൂണിയന് ആവശ്യപ്പെടുന്നത്. അധികൃതര്‍ ഒത്തുകളിക്കുകയാണ്. അതുകൊണ്ടാണ് മികച്ച സുഖസൗകര്യങ്ങളോടെ കിംസ് ആശുപത്രിയില്‍ തന്നെ ശ്രീറാം കഴിയുന്നതെന്ന് പത്രപ്രവര്‍ത്തക യൂണിയന് ആരോപിച്ചു. അധികൃതരുടെ ഒത്തുകളിക്കെതിരെ കിംസ് ആശുപത്രിക്ക് മുന്പില് യൂണിയന് പ്രതിഷേധിക്കുമെന്നും യൂണിയന് ഭാരവാഹികള്‍ അറിയിച്ചു.
റിമാന്‍ഡിലായിട്ടും ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിയിലെ സുഖസൗകര്യങ്ങളില്‍ കഴിയുകയാണ്. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല. സ്വകാര്യ ആശുപത്രിയില്‍ എസി ഡീലക്സ് മുറിയടക്കമുള്ള സൗകര്യങ്ങളോടെയാണ് ശ്രീറാം കഴിയുന്നത്.
Read Also: എസി ഡീലക്സ് റൂം,ടിവി, ഫോണ്‍; സ്വകാര്യ ആശുപത്രിയില്‍ ശ്രീറാമിന് സുഖവാസം
സ്കാനിങ്ങും മറ്റും ഉണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം. ശ്രീറാമിനൊപ്പം ആശുപത്രിയിലുള്ള ഡോക്ടര്‍മാര്‍ ശ്രീറാമിന്റെ സുഹൃത്തുക്കളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫോണ്‍ ഉപയോഗിക്കുന്നതിനും തടസമില്ല. മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ കഴിയാത്ത പരുക്ക് ശ്രീറാമിന് ഇല്ലെന്നും പൊലീസ് സ്വകാര്യ ആശുപത്രിയില്‍ തുടരാന്‍ അനുവദിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, മദ്യത്തിന്റെ അളവ് കുറക്കാന്‍ മരുന്ന് കഴിച്ചോ എന്ന സംശയവും ശക്തമാണ്.
Read Also: വിട്ടൊഴിയാത്ത വിവാദങ്ങൾ: ഹീറോയിൽ നിന്ന് വില്ലനിലേക്ക് ശ്രീറാം വെങ്കിട്ടരാമൻ
പൊലീസ് അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വാഹനാപകടത്തിൽ പ്രതിയായ സർവ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിയത് തന്നെ ദുരൂഹമാണെന്ന് സഹോദരന് അബ്ദുള്‍ റഹ്മാന്. സാക്ഷികള്‍ മൊഴി മാറ്റി പറയാന്‍ സാധ്യതയുണ്ടെന്നതടക്കമുള്ള സംശയവും തങ്ങള്‍ക്കുണ്ട്. സിറാജ് പത്രത്തിന്റെ അധികൃതരുമായി കൂടിയാലോചിച്ച് തുടര്‍ കാര്യങ്ങള്‍ ചെയ്യുമെന്നും അബ്ദുള്‍ റഹ്മാന് വ്യക്തമാക്കി.