തിരുവനന്തപുരം: പൂജപ്പുര ജില്ലാ ജയിലിന് മുന്നില്‍ രണ്ട് മണിക്കൂറിലേറെ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ക്ക് അവസാനം. ജയില്‍ സൂപ്രണ്ട് പരിശോധിച്ച ശേഷം ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെല്‍ വാര്‍ഡിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയിരിക്കുന്നത്. പൂജപ്പുര സബ് ജയിലിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍, ജയിലിന് മുന്നിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

കിംസ് ആശുപത്രിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ പ്രതിഷേധം ശക്തമായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ പൊലീസ് നിര്‍ബന്ധിതരാകുകയായിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിലേക്കാണ് ആദ്യം കൊണ്ടുപോയത്. സ്ട്രച്ചറിലായിരുന്നു കിംസില്‍ നിന്ന് ശ്രീറാമിനെ പുറത്തേക്ക് എത്തിച്ചത്. മാസ്‌ക് വച്ച് മുഖം മറച്ചിരുന്നു. കിംസ് ആശുപത്രിയുടെ തന്നെ ആംബുലന്‍സില്‍ കയറ്റി മജിസ്‌ട്രേറ്റിന് മുന്നിലേക്ക് കൊണ്ടുപോയി. കൈയില്‍ ബാന്‍ഡേജ് ചുറ്റിയിരുന്നു.

Read Also: ശ്രീറാമിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മജിസ്‌ട്രേറ്റ്; ഇനി ജയിലിൽ

മജിസ്‌ട്രേറ്റ് ആംബുലന്‍സിനുള്ളിലേക്ക് എത്തിയാണ് ശ്രീറാമിനെ കണ്ടത്. കിംസ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പരിശോധിച്ച മജിസ്‌ട്രേറ്റ് ശ്രീറാമിനെ ജില്ലാ ജയിലിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. ചികിത്സ ലഭിക്കേണ്ട ആരോഗ്യപ്രശ്‌നങ്ങളൊന്നും ശ്രീറാം വെങ്കിട്ടരാമന് ഇല്ല എന്ന് മജിസ്‌ട്രേറ്റ് പറയുകയായിരുന്നു. എന്നാല്‍, ആവശ്യമെങ്കില്‍ ജയില്‍ സൂപ്രണ്ടിനെ കൊണ്ട് പരിശോധന നടത്താമെന്നും മജിസ്‌ട്രേറ്റ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മജിസ്‌ട്രേറ്റ് ഇടപെട്ടതോടെ ശ്രീറാം വെങ്കിട്ടരാമന്‍ ജയിലിലാകും എന്ന അവസ്ഥയിലേക്ക് എത്തി. ഒടുവില്‍ പൂജപ്പുര ജില്ലാ ജയിലിലേക്ക് ശ്രീറാമിനെ എത്തിച്ചു. എന്നാല്‍, പിന്നീട് അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. രണ്ട് മണിക്കൂറോളം ജയിലിന് മുന്നില്‍ ആംബുലന്‍സ് നിര്‍ത്തിയിട്ടു. അത്രയും നേരം ആംബുലന്‍സിനുള്ളില്‍ കിടക്കുകയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍. പിന്നീട് ജയില്‍ സൂപ്രണ്ട് വന്ന് പരിശോധനകള്‍ നടത്തി. ഇവിടെ ശ്രീറാം വെങ്കിട്ടരാമന് തുണയായത് സ്വകാര്യ ആശുപത്രിയിലെ റിപ്പോര്‍ട്ട് ആണെന്നാണ് സൂചന. ശ്രീറാമിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കാണിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് സ്വകാര്യ ആശുപത്രി നല്‍കിയതെന്ന് സൂചനയുണ്ട്.

Read Also: പ്രതിഷേധം ഫലം കണ്ടു; ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു

സൂപ്രണ്ട് വന്ന് പരിശോധിച്ച ശേഷവും ആംബുലന്‍സ് ജയിലിന് മുന്നില്‍ തന്നെ കിടന്നു. സൂപ്രണ്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെ ജയിലിനുള്ളിലേക്ക് പോയി. പിന്നെയും ചര്‍ച്ചകള്‍ നീണ്ടു. ഒടുവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ശ്രീറാമിനെ മെഡിക്കല്‍ കോളേജിലെ സെല്‍ വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

അതിനിടയിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ ജാമ്യാപേക്ഷ നല്‍കിയെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. കോടതി നാളെയായിരിക്കും ജാമ്യാപേക്ഷ പരിഗണിക്കുക. ജയിലില്‍ കിടക്കാതിരിക്കാനാണ് പൊലീസ് അടക്കം അറിഞ്ഞുകൊണ്ട് ഇത്തരം ഒരു ഒത്തുകളി നടക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു.

Read Also: വിട്ടൊഴിയാത്ത വിവാദങ്ങൾ: ഹീറോയിൽ നിന്ന് വില്ലനിലേക്ക് ശ്രീറാം വെങ്കിട്ടരാമൻ

ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ആശുപത്രിയില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തിയിരുന്നു. വെങ്കിട്ടരാമന് ഫൈവ് സ്റ്റാര്‍ സുഖസൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ആരോപിച്ചു. കിംസ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് ശ്രീറാമിനെ മാറ്റണമെന്നായിരുന്നു പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടത്. അധികൃതര്‍ ഒത്തുകളിക്കുകയാണ്. അതുകൊണ്ടാണ് മികച്ച സുഖസൗകര്യങ്ങളോടെ കിംസ് ആശുപത്രിയില്‍ തന്നെ ശ്രീറാം കഴിയുന്നതെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ആരോപിച്ചിരുന്നു. അധികൃതരുടെ ഒത്തുകളിക്കെതിരെ കിംസ് ആശുപത്രിക്ക് മുന്‍പില്‍ യൂണിയന്‍ പ്രതിഷേധിക്കുമെന്നും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചിരുന്നു.

പൊലീസ് അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വാഹനാപകടത്തിൽ പ്രതിയായ സർവ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിയത് തന്നെ ദുരൂഹമാണെന്ന് സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍. സാക്ഷികള്‍ മൊഴി മാറ്റി പറയാന്‍ സാധ്യതയുണ്ടെന്നതടക്കമുള്ള സംശയവും തങ്ങള്‍ക്കുണ്ട്. സിറാജ് പത്രത്തിന്റെ അധികൃതരുമായി കൂടിയാലോചിച്ച് തുടര്‍ കാര്യങ്ങള്‍ ചെയ്യുമെന്നും അബ്ദുള്‍ റഹ്മാന്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.