തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ കാലാവധി അറുപത് ദിവസത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ശ്രീറാം സര്‍ക്കാരിന് വിശദീകരണം നല്‍കി. ശ്രീറാം നല്‍കിയ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്.

വാഹനമോടിച്ചത് താന്‍ അല്ലെന്ന് ശ്രീറാം ആവര്‍ത്തിച്ചു. വാഹനാപകടം നടക്കുന്ന സമയത്ത് താന്‍ മദ്യപിച്ചിട്ടില്ലായിരുന്നെന്നും ശ്രീറാം വെങ്കിട്ടരാമന്‍ സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. വഫ ഫിറോസ് തന്നെയാണ് വാഹനമോടിച്ചതെന്നും ശ്രീറാം ആവര്‍ത്തിച്ചു. ചീഫ് സെക്രട്ടറിക്കാണ് ശ്രീറാം വിശദീകരണം നല്‍കിയത്. തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഏഴു പേജുള്ള വിശദീകരണ കുറിപ്പില്‍ നിഷേധിച്ചു. തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

Read Also: തെളിവുകള്‍ ശ്രീറാം കൊണ്ടുവരുമെന്ന് കരുതിയോ? പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ഓഗസ്റ്റ് ആറിനാണ് കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി. ഡിജിപി നിയോഗിച്ച പുതിയ അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഓഗസ്റ്റ് അഞ്ചിനാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ശ്രീറാം വെങ്കിട്ടരാമനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് ചീഫ് സെക്രട്ടറിയാണ് പുറപ്പെടുവിച്ചത്. സർവേ ഡയറക്ടർ സ്ഥാനത്തുനിന്നാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. നേരത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ചീഫ് സെക്രട്ടറിക്ക് അപകടവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. വകുപ്പുതല അന്വേഷണത്തിനും ചീഫ് സെക്രട്ടറി ഉത്തരവിട്ടിരുന്നു.

Read Also: ജോളി: കേള്‍ക്കുന്നതെല്ലാം യാഥാര്‍ത്ഥ്യമോ അതോ കെട്ടുകഥകളോ?

ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസൻസ് നേരത്തെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. അപകടമരണം നടന്നിട്ട് ഇതുവരെ ശ്രീറാമിന്റെ ലൈസൻസ് റദ്ദാക്കിയില്ലെന്ന് പരാതി ഉയർന്നതിനു പിന്നാലെയാണ് നടപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.