/indian-express-malayalam/media/media_files/2025/12/21/sreenivasan1111-2025-12-21-07-25-37.jpg)
ശ്രീനിവാസൻ (Credit: Facebook/@ActorMohanlal)
കൊച്ചി: മലയാള സിനിമയുടെ പ്രിയപ്പെട്ട ശ്രീനിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം. എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് ആറുമണിയോടെ അദ്ദേഹത്തിന്റെ ഭൗതീക ശരീരം എറണാകുളം കണ്ടനാട്ടെ സ്വവസതിയിൽ എത്തിച്ചു. ഇന്ന് രാവിലെ വരെ ഭൗതീക ശരീരം വീട്ടിൽ പൊതുദർശനത്തിന് വെക്കും. ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ സംസ്‌കാരം നടത്തും.
Also Read:വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്തകമെന്ന് മുഖ്യമന്ത്രി
ശനിയാഴ്ച ശ്രീനിവാസന്റെ ഭൗതീക ശരീരം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നാടിന്റെ നാനാതുറകളിൽ നിന്നുള്ള നിരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, പി രാജീവ്, നടൻമാരായ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പടെ പ്രമുഖരെല്ലാം ടൗൺഹാളിലെത്തിയാണ് അന്തിമോപചാരം അർപ്പിച്ചത്.
Also Read:വെള്ളിത്തിരയിലെ 'സാധാരണക്കാരൻ'; ശ്രീനിവാസൻ എന്ന വിസ്മയം
മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസൻറെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ചലച്ചിത്രത്തിൻറെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യൻറെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ലെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
സരസമായ ഭാഷയിലൂടെ സമൂഹത്തിലെ യഥാർഥ്യങ്ങൾ വിളിച്ചുപറഞ് കഴിവുറ്റ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുസ്മരിച്ചു. കാലത്തിനു മുമ്പേ നടന്നയാളാണ് ശ്രീനിവാസൻ. അദ്ദേഹത്തിൻറെ സിനിമയിലെ ഉദ്ധരണികൾ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിലും ഉപയോഗിച്ചിരുന്നു. അദ്ദേഹത്തെ കാണാൻ ഇരിക്കുമ്പോളാണ് അപ്രതീക്ഷിത വിയോഗമെന്നും വിഡി സതീശൻ പറഞ്ഞു.
Also Read:48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിരാമം; ശ്രീനിവാസൻ ഇനി ഓർമ്മ
മലയാള ചലച്ചിത്ര രംഗത്ത് നിസ്തുലമായ സംഭാവനയർപ്പിച്ച പ്രതിഭയായിരുന്നു നടൻ ശ്രീനിവാസനെന്ന് മന്ത്രി പി രാജീവ് അനുസ്മരിച്ചു. മലയാള സിനിമയുടെ ചരിത്രത്തിൽ സവിശേഷമായ ഘട്ടത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കാണ് അദ്ദേഹം വഹിച്ചത്. നർമ്മത്തെ ചിന്തയുമായി ചേർത്ത് വെച്ച് സാമൂഹ്യ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിൽ അസാധാരണമായ മികവാണ് ശ്രീനിവാസൻ കാണിച്ചതെന്നും മന്ത്രി പറഞ്ഞു.
ശനിയാഴ്ച രാവിലെ ഡയാലിസിസിന് പോവുമ്പോഴായിരുന്നു ശ്രീനിവാസന് ശാരീരിക അസ്വസ്ഥതയുണ്ടായത്. ഉടൻ തന്നെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ വിമലയാണ് ഒപ്പമുണ്ടായിരുന്നത്. മൂത്തമകൻ വിനീത് ശ്രീനിവാസൻ ആശുപത്രിയിലെത്തിയിരുന്നു. പിന്നീട് കണ്ടനാടുള്ള വീട്ടിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു.
കണ്ടനാട്ടെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് ടൗൺഹാളിലെത്തിച്ചത്. ഞായറാഴ്ച പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും മലയാള സിനിമയിലെ സർഗപ്രതിഭയുടെ സംസ്‌കാരം.
Read More:"അദ്ദേഹം വികാരാധീനനായി എന്നെ ഏറെനേരം കെട്ടിപ്പിടിച്ചു": ശ്രീനിവാസൻ​ രജനീകാന്തിനെ കരയിച്ചപ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us