പാലക്കാട്: ആര്‍എസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്‍ കൊലപാതക കേസില്‍ ഒരു ബൈക്കു കൂടി പൊലീസ് കണ്ടെത്തി. അറസ്റ്റിലായ റിയാസുദീന്‍ ഉപയോഗിച്ച ബൈക്കാണിതെന്നാണ് ലഭിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് ബൈക്കും ഒരു ഓട്ടോയും കണ്ടെത്തിയിട്ടുണ്ട്.
കേസില്‍ കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അബ്ദുറഹ്മാന്‍, ഉമ്മര്‍, ഫിറസ്, അബ്ദുള്‍ ഖാദര്‍ എന്നിവരടക്കമുള്ളവര്‍ അറസ്റ്റിലാകുമെന്ന് പൊലീസ് അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് ഈ വിവരം നേരിട്ട് സ്ഥിരീകരിക്കാനായിട്ടില്ല.
ഇന്നലെ അറസ്റ്റിലായ ബിലാല്‍, റിസ്വാന്‍, റിയാസുദീന്‍, സഹദ് എന്നിവരെ ഇന്ന് കോടതയില്‍ ഹാജരാക്കും. നാലു പേരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടാനാണ് സാധ്യത. കൃത്യം നടത്തിയവര്‍ക്ക് സാഹചര്യം ഒരുക്കിക്കൊടുത്തത് നാല്‍വര്‍ സംഘമാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവന്നു.
സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മോര്‍ച്ചറിയുടെ പരിസരത്ത് വച്ചായിരുന്നു ഗൂഢാലോചന നടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായാണ് വിവരം. 24 മണിക്കൂറിനുള്ളില്‍ തന്നെ കണക്കു തീര്‍ക്കാനായിരുന്നു തീരുമാനം, ഒരു പ്രമുഖ നേതാവിനെ തന്നെ വധിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ അറസ്റ്റിലായ മൂന്ന് പേരുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടന്നേക്കും.
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നാലെ പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി. ഏപ്രില്‍ 24 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ 16 നായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
16ന് ഉച്ചയോടെയായിരുന്നു ശ്രീനിവാസൻ കൊല്ലപ്പെട്ടത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ വെട്ടികൊലപ്പെടുത്തിയത്. ശ്രീനിവാസന്റെ പാലക്കാടുള്ള കടയിലെത്തിയായിരുന്നു ആക്രമണം.
എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുമ്പായിരുന്നു ശ്രീനിവാസന്റെ കൊലപാതകം. ജുമുഅ നമസ്കാരം കഴിഞ്ഞു മടങ്ങവെ സുബൈറിനെ പിതാവ് അബുബക്കറിന്റെ മുന്നിലിട്ടായിരുന്നു കൊലപ്പെടുത്തിയത്.
Also Read: പാലക്കാട് ശ്രീനിവാസന്‍ കൊലപാതകം: നാല് പേര്‍ അറസ്റ്റില്‍