കൊച്ചി: ചട്ടങ്ങള്‍ പ്രകാരമുള്ള ശമ്പളം നല്‍കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുകയാണ് എറണാകുളം തൃപ്പൂണിത്തുറയിലെ ശ്രീനാരായണ വിദ്യാപീഠം സിബിഎസ്ഇ സ്കൂളിലെ ഒരു വിഭാഗം അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാര്‍. സിബീസ്ഇ ചട്ടങ്ങളെയൊക്കെ കാറ്റില്‍ പറത്തിക്കൊണ്ട് പച്ചയായ തൊഴില്‍നിയമങ്ങളുടെ ലംഘനമാണ് ഇവിടെ നടക്കുന്നത് എന്ന് അഞ്ച് ദിവസമായി സ്കൂളിന് മുന്പില് സമരം ചെയ്യുന്ന കേരളാ അണ് എയിഡഡ് സ്കൂള്‍ എംപ്ലോയീസ് യൂണിയന് (കെയുഎഎസ്ഇയു) ആരോപിക്കുന്നു.
അദ്ധ്യാപകരും അനദ്ധ്യാപകരുമടക്കം തൊണ്ണൂറ്റിയഞ്ചോളം ജീവനക്കാരാണ് ശ്രീനാരായണ വിദ്യാപീഠത്തിലുള്ളത്. ഇതില്‍ ഇരുപത്തിമൂന്ന് ജീവനക്കാരാണ് അഞ്ച് ദിവസമായി നടക്കുന്ന സൂചനാസമരത്തിലുള്ളത്. സിബിഎസ്ഇ സ്കൂളുകളില്‍ അവ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തിനുള്ളിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ക്ക് നല്കുന്ന ശമ്പളം നല്‍കണം എന്നാണ് സിബിഎസ്ഇയുടെ ചട്ടം. എന്നാല്‍ അര്‍ഹിക്കുന്നതിന്റെ പകുതി ശമ്പളം പോലും തരാന്‍ മാനേജ്മെന്റ് തയ്യാറാകുന്നില്ല എന്ന് സമരസമിതിക്ക് നേതൃത്വം നല്കുന്ന ഡിവിന് ആരോപിക്കുന്നു.
“സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ അതെ ശമ്പളം അദ്ധ്യാപകര്‍ക്ക് നല്കുന്ന അതെ ശമ്പളം നല്‍കണം എന്നാണ് 2014ലെ സിബിഎസ്ഇ ബൈലോ പറയുന്നത്. എന്നാല്‍ അതിന്റെ പകുതി ശമ്പളം പോലും ഇല്ലതെയാണ് കേരളത്തിലെ മിക്ക സിബിഎസ്ഇ സ്കൂളുകളിലും അദ്ധ്യാപകര്‍ പണിയെടുക്കുന്നത്.” ജോലി ലഭിക്കുന്നതിന് മുന്‍പ് പല വാഗ്ദാനങ്ങളും മുന്നോട്ടുവച്ച് കൊണ്ട് ഭീമന് തുക ക്യാപ്പിറ്റേഷന്‍ ഫീസായി വാങ്ങുന്ന മാനേജ്മെന്റുകള്‍ ജോലി നല്കിയ ശേഷം ചെറിയ തുകയ്ക്ക് ജോലിയെടുക്കേണ്ടി വരുന്ന സാഹചര്യത്തിലേക്ക് ആദ്ധ്യാപകരെ തള്ളിവിടുകയാണ് എന്നും ഡിവിന് പരാതിപ്പെടുന്നു.
അന്‍പതോളം അദ്ധ്യാപകരാണ് ശ്രീ നാരായണ വിദ്യാപീഠത്തില്‍ ഉള്ളത് ഇതില്‍ പുരുഷന്മാരില് നിന്നും രണ്ട് ലക്ഷം വരെയും സ്ത്രീകളില്‍ നിന്ന് അഞ്ച് മുതല്‍ ഏഴ് ലക്ഷം വരെയും ക്യാപ്പിറ്റേഷന്‍ ഫീസാണ് മാനേജ്മെന്റ് കൈപറ്റിയിട്ടുള്ളത് എന്ന് സമരക്കാര്‍ ആരോപിച്ചു. യാതൊരു രേഖയും ഇല്ലാതെയാണ് ഈ പണമിടപാട്. “ജോലി വേണം എന്ന സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ മറ്റൊന്നും നോക്കാതെ ഇത് കൊടുക്കേണ്ടി വരികയാണ്.” ഡിവിന് പറഞ്ഞു.

” ഒട്ടും തൊഴില്‍ സുരക്ഷയില്ലാതെയാണ് സിബിഎസ്ഇ സ്കൂളുകളില്‍ അദ്ധ്യാപകര്‍ ജോലി ചെയ്യുന്നത്. അതിനാല്‍ തന്നെ അവര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ ജോലി ചെയ്യും, ചോദിച്ചാല്‍ ഇതൊരു സേവനമല്ലേ എന്നൊക്കെയാണ് മാനേജ്മെന്റ് ലൈന്‍. ഇതിനാല്‍ അദ്ധ്യാപനത്തില്‍ താത്പര്യമുള്ളവര്‍ക്ക് പോലും മറ്റ് ജോലികള്‍ തേടി പോവേണ്ടി വരു അവസ്ഥയാണ് ഇവര്‍ ഉണ്ടാക്കുന്നത്. പിഎഫ് അടക്കമുള്ള ആനുകൂല്യങ്ങളോ കൃത്യമായ വേതന വര്‍ദ്ധനവോ നല്‍കുന്നുമില്ല.” കേരളത്തിലെ മിക്ക സിബിഎസ്ഇ സ്കൂളുകളിലും സമാനമായ സ്ഥിതിവിശേഷം ആണെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് ഡിവിന് പറഞ്ഞു.
ഡിവിന് 2008ല്‍ ജോലിയില്‍ പ്രവേശിക്കുന്നത് 8,000 രൂപ ശംബളമായാണ്. 2013ല്‍ അത് 20,000 ആയി വര്‍ദ്ധിപ്പിച്ചു. അഞ്ച് വര്‍ഷത്തിനിപ്പുറം 2018 ആവുമ്പോള്‍ 2,800രൂപയാണ് ഡിവിന്റെ ശമ്പളം. രണ്ട് ലക്ഷം രൂപ ക്യാപ്പിറ്റേഷന്‍ ഫീസ് നല്കി ജോലിക്ക് പ്രവേശിച്ച ആളാണ് അദ്ദേഹം. പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങളൊന്നും അദ്ദേഹത്തിന് ലഭിക്കുന്നില്ല. 21 അദ്ധ്യാപകരില്‍ നിന്നായി ഒരു കോടി പത്ത് ലക്ഷം രൂപയാണ് മാനേജ്മെന്റ് ഈയിനത്തില്‍ രേഖകളില്ലാതെ വാങ്ങിച്ചത് എന്ന് ഡിവിന് ആരോപിക്കുന്നു.
സിബിഎസ്ഇ സ്കൂളിലെ അനദ്ധ്യാപക ജീവനക്കാരുടെ സ്ഥിതി ഇതിലും കഷ്ടത്തിലാണ് എന്ന് ഡിവിന് ചൂണ്ടിക്കാണിച്ചു. ഇരുപത്തിയേഴ് വര്‍ഷമായി സ്കൂള്‍ ജീവനക്കാരിയായ ആയക്ക് ലഭിക്കുന്ന മാസ ശമ്പളം 8,000 രൂപയാണ്. എട്ട് മണിക്ക് സ്കൂളില്‍ എത്തി ക്ലാസ് മുറികള്‍, മൂത്രപ്പുര, കക്കൂസ്, സ്കൂള്‍ പരിസരം എന്നിവ വൃത്തിയാക്കുക, കുട്ടികള്‍ക്ക് അസുഖമുണ്ട് എങ്കില്‍ രക്ഷിതാക്കള്‍ വരുന്നത് വരെ അവരെ പരിപാലിക്കുക തുടങ്ങി ഏറെ ഉത്തരവാദിത്തം നിറഞ്ഞ ജോലികള്‍ക്ക് ശേഷം വൈകീട്ട് 4:30നു ശേഷം മാത്രമാണ് അവരെ പോകാന്‍ അനുവദിക്കുന്നത്. ‘എണ്ണായിരം രൂപ ശബളം എങ്ങനെയാണ് ഇക്കാലത്ത് ന്യായമാകുന്നത് ?’ ഡിവിന് ചോദിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നാം തീയ്യതിയാണ് ശമ്പളവര്‍ദ്ധനവും ആനുകൂല്യങ്ങളുമടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെയുഎഎസ്ഇയു മാനേജ്മെന്റിന് കത്ത് നല്‍കിയിരുന്നു. എട്ട് തവണ ജില്ലാ ലേബര്‍ ഓഫീസില്‍ വച്ച് ഒത്തുതീര്പ്പ്ചര്ച്ചയും നടന്നു. ഏപ്രിലില്‍ ശമ്പളത്തില്‍ ആയിരം രൂപവരെ കൂട്ടി തരാം എന്നായിരുന്നു മാനേജ്മെന്റ് നയം. “എന്നാല്‍ അഞ്ച് വര്‍ഷത്തേക്ക് ശമ്പളത്തില്‍ മാറ്റം വരുത്തില്ല എന്നൊരു കരാറോട് കൂടിയായിരുന്നു ആ തീരുമാനം. അതായത് വര്‍ഷം മുന്നൂറ് രൂപയുടെ വര്‍ധനവ് എന്നാണ് മാനേജ്മെന്റ് കണക്കാക്കുന്നത്. ചട്ടപ്രകാരം ലഭിക്കേണ്ടതിന്റെ പകുതി ശമ്പളംപോലും ലഭിക്കാത്തവരോടാണ് ഇങ്ങനെയൊരു അനുരഞ്ജനശ്രമം.” ഇപ്പോള്‍ നടക്കുന്ന സൂചനാ സമരത്തിലേക്ക് വഴിവെച്ചത് എന്തെന്ന് വിശദീകരിക്കുകയായിരുന്നു ഡിവിന്.
സ്കൂള്‍ പരീക്ഷകള്‍ നടക്കുന്ന സമയത്ത് ഇത്തരം സമരത്തിന് മുതിര്‍ന്നത് ശരിയല്ല എന്നാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍ രാഖി ഐഇ മലയാളത്തോട് പറഞ്ഞത്. സമരം ‘രാഷ്ട്രീയപ്രേരിതമാണ്’ എന്ന് സംശയിക്കുന്നതായി പറഞ്ഞ പ്രിന്‍സിപ്പല്‍ തന്റെ കാലയളവില്‍ മാനേജ്മെന്റ് ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങിയതായി അറിയില്ലെന്ന് വ്യക്തമാക്കി. “ചിലപ്പോള്‍ സ്കൂളിന്റെ ആദ്യകാലത്ത് ഒരു ചാരിറ്റി എന്നൊക്കെ പോലെ കെട്ടിടം പണിയാനും മറ്റും എന്തെങ്കിലും വാങ്ങികാണും.” തനിക്കതിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ പ്രിന്‍സിപ്പല്‍ സിബിഎസ്ഇ സ്കൂളുകളില്‍ ഇങ്ങനെയൊക്കെ ചെയ്യാറുണ്ട് എന്നും ആരുടേയും ധനസഹായമില്ലാത്ത സിബിഎസ്ഇ സ്കൂളുകള്‍ മുന്നോട്ട് പോകുന്ന വഴിയാണ് അതെന്നും പറഞ്ഞു.