കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കിയെന്ന മുൻ ജയിൽ മേധാവി ആർ.ശ്രീലേഖയുടെ പരാമർശം വലിയ വിവാദമാകുന്നു. സ്വന്തം യുട്യൂബ് ചാനൽ വഴിയാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്ന് ശ്രീലേഖ പറഞ്ഞത്. ദിലീപിനൊപ്പമുള്ള പൾസർ സുനിയുടെ ചിത്രം വ്യാജമാണെന്നും ഫൊട്ടോഷോപ് ചെയ്തത് ആയിരുന്നു എന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം. എന്നാൽ അതിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഫൊട്ടോയെടുത്ത ബിദിൽ.
ബിദിൽ മാധ്യമങ്ങളോട് പറഞ്ഞത്
ദിലീപിനെ കണ്ട കൗതുകത്തിൽ ഫോണിൽ എടുത്ത സെൽഫിയാണത്. എടുത്തയുടനെ ചിത്രം ഫെയ്സ്ബുക്കിൽ ഉൾപ്പെടെ പങ്കുവച്ചിരുന്നു. യാതൊരു വിധത്തിലുള്ള എഡിറ്റിങ്ങും ചിത്രത്തിൽ വരുത്തിയിരുന്നില്ല. പിന്നീടാണ് വാർത്തയിൽ പൾസർ സുനിയെ കണ്ടതും ദിലീപിനൊപ്പമുള്ളത് പൾസർ സുനിയാണെന്ന് തിരിച്ചറിഞ്ഞതും. ടെന്നീസ് ക്ലബില്‍ ജോലി ചെയ്യുന്ന സമയത്താണ് സംഭവം. പൊലീസ് പരിശോധനയിൽ ഫോണിൽ സെൽഫി കണ്ടിരുന്നു. ഇതുസംബന്ധിച്ച് കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. സെൽഫിയെടുത്ത ഫോണ്‍ കോടതിയിലുണ്ടെന്നും ബിദില്‍ പറഞ്ഞു.
വീഡിയോയിൽ ശ്രീലേഖ പറയുന്ന കാര്യങ്ങൾ
‘പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാർ സമ്മതിച്ചതാണ്. തെളിവിനു വേണ്ടി ഉണ്ടാക്കിയതാണെന്നാണ് പറഞ്ഞത്. ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
സാക്ഷികൾ കുറുമാറാൻ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണ്. പൾസർ സുനിൽ മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാം. പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നു. ജയിലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചത് പൊലീസുകാരാണ്. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല ഇല്ല. ഒരേ ടവർ ലൊക്കേഷൻ എന്നതും തെളിവായി കാണാൻ ആകില്ല. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേൽ മാധ്യമങ്ങളുടെ വലിയ സമ്മർദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു. ഞാൻ പറയുന്നത് വിശ്വസിക്കേണ്ടവർ വിശ്വസിച്ചാൽ മതി. ദിലീപിനെ ശിക്ഷിക്കാൻ ഒരു തെളിവും ഇല്ലാതിരിക്കെ ആണ് ഗൂഢാലോചന എന്ന പേരിൽ പുതിയ കേസ് ഉയർന്നു വന്നത്.
ശ്രീലേഖ പറഞ്ഞതെല്ലാം തെറ്റെന്ന് ജിൻസൺ
പൾസർ സുനിയുടെ അറിവില്ലാതെ സഹതടവുകാരനാണ് ദിലീപിനുള്ള കത്തെഴുതിയെന്ന ശ്രീലേഖയുടെ ആരോപണങ്ങൾ തള്ളുകയാണ് പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന കേസിലെ സാക്ഷി ജിൻസൺ. ദിലീപിനോടുള്ള ആരാധന മൂത്ത് ശ്രീലേഖ ഐപിഎസ് ഇല്ലാത്ത കാര്യങ്ങൾ പറയുകയാണ്. സുനി കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നതും തൊട്ടടുത്ത് ഇരുന്ന് സഹതടവുകാരൻ വിപിൻ ലാൽ എഴുതുന്നതും ജയിലിലെ സിസിടിവിയിൽ വ്യക്തമാണ്. കത്തെഴുതുന്നത് ഞാനും കൂടി ഇരിക്കുമ്പോഴാണ്. ജയിലിൽ എനിക്ക് ജോലിയുണ്ടായിരുന്നു. ചായ കുടിക്കുന്നതിന് വേണ്ടി സെല്ലിലേക്ക് വരുന്ന സമയത്താണ് കത്ത് എഴുതുന്നത് കണ്ടത്. ആദ്യം ഒരു പേപ്പറിലേക്ക് എഴുതുന്നതും പിന്നീട് മറ്റൊരു പേപ്പറിലേക്ക് മാറ്റി എഴുതുന്നതും കണ്ടതാണ്. ഇതിനെല്ലാം സിസിടിവി തെളിവുമുണ്ടെന്നും ജിൻസൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശ്രീലേഖയ്ക്കെതിരെ അതിജീവിതയുടെ കുടുംബം
മുൻ ജയിൽ മേധാവിയുടെ പ്രതികരണത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബം ശ്രീലേഖയ്ക്കെതിരെ രംഗത്തെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.
”ആത്മഹത്യകൾ പലവിധമാണ്. ശാരീരികമായുള്ള ആത്മഹത്യയാണെങ്കിൽ അതവിടം കൊണ്ട് കഴിയും. ആത്മഹത്യ ചെയ്ത വ്യക്തിയ്ക്ക് പിന്നീടൊന്നും അറിയേണ്ടതില്ല, അതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല. മറിച്ച്, പറഞ്ഞുപോയ വാക്കുകൾകൊണ്ട് ജീവിച്ചു കൊണ്ട് മരണം അനുഭവിക്കുന്നതാണ് ഏറെ വേദനാജനകം. ഇവിടെ ന്യായീകരണ തൊഴിലാളികളായെത്തുന്നവരുടെ അവസ്ഥയെ കുറിച്ചാലോചിക്കുമ്പോൾ അവരോട് സഹതാപമാണ് തോന്നുന്നത്. കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒരു നിമിഷം കൊണ്ട് ഇനിയൊരിക്കലും പടുത്തുയർത്താനാകാത്ത വിധം തകർന്നടിയുന്നതെന്ന് ഇവർ തിരിച്ചറിയുന്നില്ല. ഒരുപാട് മനുഷ്യരുടെ മനസ്സിലാണ് അവർക്ക് അവർ ചിതയൊരുക്കുന്നത്.”
”സംശയമുണ്ടെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരോട് ചോദിച്ചു നോക്കൂ … അവർ പറയും അത് വേണ്ടിയിരുന്നില്ലെന്ന്. ഒരു പക്ഷേ അവരുടെ പ്രിയപ്പെട്ടവരുടെ വാക്കുകൾക്കപ്പുറം തന്റെ വ്യക്തിത്വഹത്യക്ക് പകരമായി അതിനേക്കാൾ വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം. അതായിരിക്കാം ഇത്തരമൊരു നീക്കത്തിന് അവർ വിധേയരാകുന്നതിന്റെ മനഃശ്ശാസ്ത്രവും. ശത്രുതയ്ക്ക് ഒരു തുല്യതയെങ്കിലും വേണമല്ലോ. സഹതാപമാണ് അതിനേക്കാൾ മ്ലേച്ഛമായ വികാരം ന്യായീകരണപരമ്പരയിൽ അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നു.”
താൻ പറഞ്ഞ കാര്യങ്ങൾ വിവാദമായതോടെ ഇനി കൂടുതൽ സംസാരിക്കാനോ പരസ്യ പ്രതികരണത്തിനോ ഇല്ലെന്ന നിലപാടിലാണ് ആർ.ശ്രീലേഖ. പറയേണ്ടതെല്ലാം തന്റെ യൂട്യൂബ് വീഡിയോയിൽ പറഞ്ഞുവെന്നും ഇപ്പോൾ ഉണ്ടാക്കുന്ന വിവാദങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണെന്നും ശ്രീലേഖ വ്യക്തമാക്കി. വിചാരണ നടപടികൾ അവസാനിച്ചതുകൊണ്ടും തന്റെ ചാനലിന്റെ 75 എപ്പിസോഡായതു കൊണ്ടുമാണ് ഈ വിഷയം തിരഞ്ഞെടുത്തത്. പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ തന്നെ പ്രതിഭാഗത്തിന് സാക്ഷിയാക്കാൻ കഴിയില്ല. നിയമം അറിയാത്തവരാണ് ഇങ്ങനെ പറയുന്നതെന്നും ശ്രീലേഖ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിമർശനവുമായി പ്രതിപക്ഷ നേതാവും
ശ്രീലേഖക്കെതിരെ കടുത്ത വിമർശനങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കടുത്ത വിമർശനവുമായി രംഗത്തെത്തി. “നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ഡിജിപി ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ അനൗചിത്യമുണ്ട്. ഏത് സാഹചര്യത്തിലാണ് വെളിപ്പെടുത്തലെന്ന് അന്വേഷിക്കണം. ഇത്ര നാൾ എന്തുകൊണ്ട് പറഞ്ഞില്ലെന്ന ചോദ്യവുമുണ്ട്. കേസിനെ ദുർബലപ്പെടുത്താനാണോയെന്ന സംശയവുമുണ്ട്. ഏതായാലു സത്യം പുറത്ത് വരണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. മുൻ ഡിജിപി യുടെ വെളിപ്പെടുത്തലിനെ കുറിച്ച് പോലീസ് അന്വേഷിക്കണം” വി.ഡി സതീശൻ പറഞ്ഞു.
പ്രോസിക്യൂഷന് കോടതിയലക്ഷ്യ നടപടിയ്ക്ക്
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന വിവാദ അഭിപ്രായ പ്രകടനത്തില്‍ മുന്‍ ഡി ജി പി ആര് ശ്രീലേഖയ്ക്കെതിരെ പ്രോസിക്യൂഷന് കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. വിചാരണ നടക്കുന്ന സമയത്ത് പ്രതി നിരപരാധിയാണെന്ന് പരസ്യമായി പറയുന്നത് കോടതിയ ലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാണ് പ്രോസിക്യൂഷന് നിലപാട്. ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവു തേടി ശ്രീലേഖയെ ചോദ്യം ചെയ്യുന്നതും പരിഗണനയിലുണ്ട്.
ശ്രീലേഖയുടെ ആരോപണങ്ങള്‍ക്കു പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്ന നിഗമനത്തിലാണ് പ്രോസിക്യൂഷന്. മുന്‍ പൊലീസ് ഉദ്യോഗസ്ഥയുടെ ഇത്തരം പ്രസ്താവന അത് നീതിന്യായ വ്യവസ്ഥയ്ക്കുമേലുള്ള ഇടപെടലാകുമെന്നാണു പ്രോസിക്യൂഷന്റെ വിലയിരുത്തല്‍.
വിലയിരുത്തല്‍.
കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കേണ്ടതു വിചാരണ കോടതിയാണ്. ഇക്കാര്യത്തില്‍ ഉടന്‍ പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിക്കും.
പൊലീസ് സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതുകൂടിയാണു ശ്രീലേഖയുടെ ആരോപണം. തെളിവുകള്‍ പോലീസ് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന ആരോപണം തെളിയിക്കാനുള്ള ബാധ്യത ശ്രീലേഖയ്ക്കുണ്ട്. അന്വേഷണസംഘത്തിന് അവരെ ചോദ്യം ചെയ്യുകയോ മൊഴിയെടുക്കുകയോ ചെയ്യാം. ആരോപണത്തിനു തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് ആവശ്യപ്പെടാം.