തൃശൂർ: അഷ്ടമി രോഹിണി ദിനമായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ തുടക്കമായി. വലിയ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ഇത്തവണ ശ്രീകൃഷ്ണ ജയന്തി നാളിലെ കണ്ണന്റെ പിറന്നാളാഘോഷം. കോവിഡ് നിയന്ത്രണം പാലിച്ചു കൊണ്ട് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നര വരെയും വൈകീട്ട് അഞ്ച് മുതല്‍ രാത്രി ഒൻപത് വരെയുമാണ് വെര്‍ച്വൽ ക്യൂ വഴി ഭക്തര്‍ക്ക് ദര്‍ശനത്തിന് ക്രമീകരണം ഒരുക്കിയിട്ടുള്ളത്. കൂടാതെ നെയ് വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് ദര്‍ശനത്തിനുള്ള പ്രത്യക വരിയും ഉണ്ടാകും.
Read More: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ നിയന്ത്രണങ്ങളോടെ ഭക്തർക്ക് പ്രവേശനം
രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാർ പഞ്ചാരിമേളം നയിക്കും. രാത്രി 10 മണിക്ക് കൃഷ്ണനാട്ടവും നടക്കും. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ പ്രതിദിനം ആയിരം പേർക്ക് ദർശനം നടത്താനാകും. ഓൺലൈൻ ആയി ബുക്ക് ചെയ്തവർക്ക് വെർച്വൽ ക്യൂ വഴിയാണ് ദർശനം. നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിനകത്ത് ഒരുസമയം 50 പേരിൽ കൂടുതൽ ഭക്തർ ഉണ്ടാകാത്ത വിധത്തിലാകും ക്രമീകരണം. ഭക്തർക്ക് പരിമിതമായ തോതിൽ നിവേദ്യങ്ങളും ഇന്ന് മുതൽ നൽകും.
1,000രൂപയുടെ നെയ് വിളക്ക് ശീട്ടാക്കുന്ന ഒരാള്‍ക്കും 4,500 രൂപ ശീട്ടാക്കുന്ന അഞ്ച് പേര്‍ക്കുമാണ് ബുക്കിങ്ങില്ലാതെ ദര്‍ശനത്തിന് അനുമതിയുള്ളത്. പ്രസാദ വിതരണവും ഇന്ന് ആരംഭിക്കും. നിവേദ്യങ്ങളായ പാല്‍പ്പായസം, നെയ്പ്പായസം, അപ്പം, അട, വെണ്ണ, പഴം, പഞ്ചസാര, അവില്, ആടിയ എണ്ണ തുടങ്ങിയവ പായ്ക്ക് ചെയ്ത് കവറുകളിലും ടപ്പകളിലുമാണ് ഭക്തര്‍ക്ക് നല്‍കുക. തുലാഭാരം, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം എന്നീ വഴിപാടുകളും നാളെ പുനരാരംഭിക്കും.