കൊച്ചി: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി.
വിവാഹമോചിതയും ഒരു കുഞ്ഞിന്റെ മാതാവുമായ യുവതിയെ ഫേസ് ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നും 2015 മുതല്‍ അടുപ്പമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. യുവതിയുടെ ജോലിസ്ഥലത്തും വീട്ടിലും പതിവായി സന്ദര്‍ശിക്കാറുണ്ടെന്നും ശ്രീകാന്ത് ഹര്‍ജിയില്‍ ബോധിപ്പിച്ചു.
ഹർജിക്കാരനും യുവതിയും സൗഹൃദത്തിലായിരുന്നെന്നും ഉഭയസമ്മതപ്രകാരമാണ് ബന്ധപ്പെട്ടതെന്നും ആരോപണം നിലനിൽക്കില്ലെന്നും ഹർജിയിൽ വ്യക്തമാക്കി. വ്യവസ്ഥകള്‍ അംഗീകരിക്കാമെന്നും കേസില്‍ ഇടപെടില്ലെന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
മാവേലിക്കര സ്വദേശിയാണ് ശ്രീകാന്തിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു ഇത്. വിവാഹ വാഗ്ദാനം ചെയ്ത് പീഢിപ്പിച്ചെന്നാണ് പരാതി.
Read More: ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു
ശ്രീകാന്തിനെതിരെ രണ്ട് മീ റ്റൂ ആരോപണങ്ങളാണ് അടുത്തിടെ പുറത്തുവന്നത്. വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത്. ഇതിലൊരു യുവതിയാണ് പരാതി നല്‍കിയത്.
ആലുവയിലെ ഫ്‌ളാറ്റില്‍ വച്ച് തന്നെ ശ്രീകാന്ത് വെട്ടിയാര്‍ പീഢിപ്പിച്ചുവെന്നാണ് ആദ്യ മീറ്റു ആരോപണത്തില്‍ പറയുന്നത്. ജനുവരി ഒമ്പതിനായിരുന്നു ഈ മീറ്റൂ ആരോപണം പുറത്തുവന്നത്. 14നായിരുന്നു രണ്ടാമത്തെ മീറ്റൂ ആരോപണം ഫെയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചത്.