തിരുവനന്തപുരം: തിരുവനന്തപുരം പാറശാല സ്വദേശി ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സിബിഐ കണ്ടെത്തല്‍. ശ്രീജിവ് ആത്മഹത്യ ചെയ്തതാണെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയാണ് ശ്രീജിവ്.

ശ്രീജിവിനെ വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ നിന്ന് ആശുപത്രിയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് ശ്രീജിവ് മരിക്കുകയും ചെയ്തു. ഇത് കസ്റ്റഡി മരണമാണെന്നും പൊലീസ് വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്നും ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് ആരോപിച്ചിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടത്തിവരുന്ന സമരം ഇപ്പോഴും തുടരുകയാണ്. ശ്രീജിത്തിന്റെ സമരത്തെ തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയത്. എന്നാല്‍, ശ്രീജിവ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ കണ്ടെത്തുകയായിരുന്നു.

Read Also: പൊലീസിനെ ഭയന്ന് ശ്രീജിത്ത് വീണ്ടും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചു

സിബിഐയുടെ കണ്ടെത്തല്‍ ശരിയല്ലെന്ന് ശ്രീജിത്ത് പറഞ്ഞു. സമരം തുടരുമെന്നാണ് ശ്രീജിത്ത് പറയുന്നത്. ഭരണകൂടം അറിഞ്ഞുകൊണ്ടാണ് ഇങ്ങനെയൊരു കണ്ടെത്തലിലേക്ക് എത്തിയിരിക്കുന്നതെന്നാണ് ശ്രീജിത്ത് ആരോപിക്കുന്നത്. കേസ് അട്ടിമറിക്കപ്പെടുകയാണെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.

സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ രണ്ട് വർഷത്തിലേറെയായി സമരം നടത്തിയിരുന്ന ശ്രീജിത്ത് സിബിഐ അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ സമരം അവസാനിപ്പിച്ചിരുന്നു. ജനുവരി 31 ന് സമരം അവസാനിപ്പിച്ച ശ്രീജിത്ത് പിന്നീട് 2018 ഫെബ്രുവരി നാലിന് സമരം പുനരാരംഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.