തിരുവനന്തപുരം: സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽക്കൊണ്ടുവരണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തി വരുന്ന ശ്രീജിത്തിന്റെ സമരത്തിന് പിന്തുണ നൽകിയ ഫെയിസ്ബുക്ക് കൂട്ടായ്മ സമരം അവസാനിപ്പിച്ചു. ശ്രിജീവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തിലാണ് ഫെയിസ്ബുക്ക് കൂട്ടായ്മ പിന്തുണ പിൻവലിച്ചത്.

ശ്രീജിത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതിനാലാണ് പിന്തുണ അവസാനിപ്പിക്കുന്നതെന്ന് ഫേസ്ബുക്ക് കൂട്ടായ്മ പറഞ്ഞു. സിബിഐ കേസ് ഏറ്റെടുത്തതോടെ ശ്രീജിത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്നാണ് കൂട്ടായ്മയുടെ അഭിപ്രായം. എന്നാല്‍ ശ്രീജിത്തിനെ പല രാഷ്ട്രീയ പാര്‍ട്ടികളും ഹൈജാക്ക് ചെയ്‌തെന്നും ഫേസ്ബുക്ക് കൂട്ടായ്മ വിമര്‍ശിച്ചു.

എന്നാൽ ശ്രീജിവിന്രെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുംവരെ സമരം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു. സമരത്തിൽ നിന്ന് പിൻവാങ്ങാൻ ഫെയിസ്ബുക്ക് കൂട്ടായ്മ തന്നെ നിർബന്ധിച്ചുവെന്നും ശ്രീജിത്ത് പറഞ്ഞു. സമരം നിർത്തുന്നതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് കൂട്ടായ്മ പ്രവർത്തരുമായി വാക്ക് തർക്കം ഉണ്ടായതായും ശ്രീജിത്ത് പറഞ്ഞു.

ശ്രീജിവിന്റെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്ത് കഴിഞ്ഞു. പാറശാല പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് എറ്റെടുത്തത്. കേസിന്റെ രേഖകൾ ക്രൈംബ്രാഞ്ച് നാളെ സിബിഐക്ക് കൈമാറും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ