തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സഹോദരന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ ശ്രീജിത് എന്ന യുവാവ് സമരം തുടങ്ങിയിട്ട് 762 ദിവസങ്ങള്‍.
സഹോദരന്‍ ശ്രീജീവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് 2015 മെയ് 22ന് ശ്രീജിത്ത് ആദ്യമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി എത്തുന്നത്. പാറശാല പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുമ്പോഴാണ് സഹോദരന്‍ മരിക്കുന്നത്. തന്റെ സഹോദരന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും ശ്രീജിത് പരാതി നല്‍കിയിരുന്നു. ശ്രീജീവിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമായിരുന്നു ശ്രീജിത്തിന്റെ ആരോപണം.
Read More: സെക്രട്ടേറിയറ്റ് പടിക്കലിൽ 453 ദിവസമായി തുടരുന്ന ശ്രീജിത്തിന്റെ ഒറ്റയാൾ പോരാട്ടം
ശ്രീജിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ശ്രീജീവിന്റേത് ആത്മഹത്യയല്ലെന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ മരിച്ചത് ക്രൂരമായ പൊലീസ് മര്‍ദ്ദനം മൂലമാണെന്നും പൊലീസുകാര്‍ ബലപ്രയോഗത്തിലൂടെ വിഷം കഴിപ്പിച്ചതാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരണപ്പെടുന്നത്.
രണ്ട് വര്‍ഷമായി തലസ്ഥാനത്ത് സമരം നടത്തുന്ന ശ്രീജിത് കഴിഞ്ഞ ഒരു മാസമായി നിരാഹാര സത്യാഗ്രഹത്തിലാണ്. ശ്രീജിത്തിന്റെ ആരോഗ്യസ്ഥിതി മോശമായിട്ടും അധികൃതര്‍ ആരും തിരിഞ്ഞുനോക്കാതെ വന്നതോടെ സോഷ്യല്‍മീഡിയയില്‍ സുഹൃത്തുക്കള്‍ ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രം അറിയിച്ചു. പരാതിയില്‍ സിബിഐ അന്വേഷണം നടത്താനാകില്ലെന്ന് കാട്ടി കേന്ദ്രം കേരളത്തിന് കത്തയയ്ക്കുകയായിരുന്നു. എന്നാല്‍, ആവശ്യമുന്നയിച്ച് കേന്ദ്രത്തെ വീണ്ടും സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം. ഡിസംബര്‍ 12നാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്.