തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ പടിക്കൽ ശ്രീജിത്തിന്റെ ഒറ്റയാൾ പോരാട്ടം തുടങ്ങിയിട്ട് നാളുകളേറെയായി. തന്റെ ഇളയ സഹോദരനായ ശ്രീജീവ് പൊലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സഹോദരനായ ശ്രീജിത്ത് കഴിഞ്ഞ 453 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കൽ സത്യാഗ്രഹം അനുഷ്ഠിക്കുന്നത്. ഒപ്പം കളിച്ചു വളർന്ന സ്വന്തം സഹോദരന്റെ മരണത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അവർക്ക് തക്ക ശിക്ഷ വാങ്ങിച്ചു കൊടുക്കാൻ വേണ്ടിയാണ് ഈ ഒറ്റയാൾ പോരാട്ടം.

2014 മെയ് 19 -നാണു ഏതോ പെറ്റി കേസുണ്ടെന്ന് പറഞ്ഞു നെയ്യാറ്റിൻകര കുളത്തൂർ സ്വദേശിയായ ശ്രീജീവിനെ പാറശാല പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പിറ്റേ ദിവസമാണ് ശ്രീജീവ് ആശുപത്രിയിൽ മരണമടയുന്നത്. ലോക്കപ്പിൽ വച്ച് ശ്രീജീവ് വിഷം കഴിച്ചു എന്നാണു പൊലീസ് ഭാഷ്യം. അയൽവാസിയായ ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ശ്രീജീവിനെ പെൺകുട്ടിയുടെ ബന്ധുവായ പൊലീസുകാരന്റെ സഹായത്തോടെ അപായപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഇതു ചൂണ്ടിക്കാട്ടി സഹോദരനായ ശ്രീജിത്ത് സംസ്‌ഥാന പൊലീസ് കംപ്ലൈയ്ന്റ് അതോറിറ്റിക്ക് പരാതി നൽകി. ശ്രീജീവ് പൊലീസ് കസ്റ്റഡിയിൽ വച്ച് വിഷം കഴിച്ചതായുള്ള പൊലീസിന്റെ വാദം പൊള്ളയാണെന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ശ്രീജീവിനെ പൊലീസ് മർദിച്ചു അവശനാക്കി വിഷം കഴിപ്പിച്ചതാണെന്നും സംസ്‌ഥാന പൊലീസ് കംപ്ലൈയ്ന്റ് അതോറിറ്റി കണ്ടെത്തി. പാറശാല സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ഗോപകുമാറും, അഡിഷണൽ എസ്ഐ ഫിലിപ്പോസും, സിവിൽ പൊലീസ് ഓഫിസർമാരായ പ്രതാപചന്ദ്രൻ, വിജയദാസ് എന്നിവരാണ് ഇതിനു കാരണക്കാർ എന്നും പൊലീസ് കംപ്ലൈയ്ന്റ് അതോറിറ്റി കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ടു മഹസർ തയാറാക്കിയ സബ് ഇൻസ്‌പെക്ടർ ഡി.ബിജുകുമാർ വ്യാജ രേഖ ചമച്ചതായും വ്യക്തമായി.

sreejith, secretariat

ശ്രീജിത്തിനു പിന്തുണയുമായി സാമൂഹിക പ്രവർത്തകയും നടിയുമായ പാർവതി എത്തിയപ്പോൾ

ഇതു സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തുന്നതിന് സംസ്‌ഥാന പൊലീസ് മേധാവിക്ക് കഴിഞ്ഞ വർഷം മേയിൽ (17/05/2015) നിർദേശം നൽകിയെങ്കിലും നാളിതുവരെ അന്വേഷണ സംഘംപോലും രൂപീകരിക്കാതെ വളരെ അലസമായ നിലപാടാണ് പൊലീസ് മേധാവിയും ആഭ്യന്തരവകുപ്പും ഈ വിഷയത്തിൽ എടുക്കുന്നത് എന്നാണു സഹോദരനായ ശ്രീജിത്ത് ആരോപിക്കുന്നത്. പൊലീസ് കംപ്ലൈയ്ന്റ് അതോറിറ്റി ഉത്തരവിട്ടതിൻ പ്രകാരം 10 ലക്ഷം രൂപ ശ്രീജിവിന്റെ കുടുംബത്തിന് അനുവദിച്ചു കിട്ടി. എന്നാൽ സഹോദരന്റെ മരണത്തിനു ഉത്തരവാദികളായവരെ നിയമപരമായി ശിക്ഷിക്കുന്നതുവരെ സമരം തുടരും എന്ന ദൃഢനിശ്ചയമെടുത്ത ശ്രീജിത്ത് ജനുവരി 30 മുതൽ മരണംവരെ നിരാഹാര സമരം തുടങ്ങി.

ശ്രീജിത്തിന്റെ ഇപ്പോഴത്തെ ആരോഗ്യസ്‌ഥിതി അപകടാവസ്‌ഥയിലാണ്. അമ്മയും മറ്റൊരു സഹോദരനും അടങ്ങുന്നതാണ് കുടുംബം. അച്ഛൻ നേരത്തെ മരിച്ചു. അതും സമാനമായ ഒരു പൊലീസ് കസ്റ്റഡി മർദനമേറ്റാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ