Latest News

പൊലീസിനെ ഭയന്ന് ശ്രീജിത്ത് വീണ്ടും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചു

കുറ്റക്കാരായ പൊലീസുകാരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അതിൽ ആശങ്കയുണ്ടെന്നും ശ്രീജിത്ത്, അതിനാൽ കുറ്റക്കാരെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും ആവശ്യം

തിരുവനന്തപുരം∙ സഹോദരന്റ കസ്റ്റഡി മരണത്തിൽ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തി സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുൻപിൽ സമരം പുനരാരംഭിച്ചു.

നെയ്യാറ്റിൻകര സ്വദേശിയായ ശ്രീജിത്തിന്റെ അനിയൻ ശ്രീജിവ് പാറശാല പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 782 ദിവസം നീണ്ടുനിന്ന സമരം ജനുവരി 31 ന് തൽക്കാലത്തേയ്ക്ക് അവസാനിപ്പിച്ചിരുന്നു. സിബിഐ അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് സമരം നിർത്തിയത്. ജനുവരി 31 ന് സിബിഐ ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
കുറ്റാരോപിതരായ ഉദ്യോഗസ്ഥർ സ്വന്തം നാട്ടുകാരായതിനാൽ നാട്ടിൽ ജീവിക്കാൻ ആശങ്കയുണ്ടെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. രാവിലെ പത്തുമുതലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.

സമരം പിൻവലിച്ച് വീട്ടിൽ തിരിച്ചെത്തിയ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കു മടങ്ങിയിരുന്നു. എന്നാൽ തന്നെയും അമ്മയെയും പൊലീസുകാർ ഉപദ്രവിക്കുമെന്ന ഭയം ശ്രീജിത്തിനെ വേട്ടയാടുന്നുണ്ട്. കുറ്റക്കാരാണെന്ന് പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി കണ്ടെത്തിയ പൊലീസുകാർ ഇപ്പോഴും അധികാരത്തിലിരിക്കുകയും അവരെ സർക്കാർ സംരക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ശ്രീജിത്തിന്റെ ആശങ്ക അസ്ഥാനത്തല്ലെന്ന് ശ്രീജിത്തിന്റെ സുഹൃത്തുക്കൾ പറയുന്നു.

സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ രണ്ട് വർഷത്തിലേറെയായി സമരം നടത്തിയിരുന്ന ശ്രീജിത്ത് സിബിഐ അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. ജനുവരി 31 ന് സമരം അവസാനിപ്പിച്ച ശ്രീജിത്തിനെ ഫെബ്രുവരി ഒന്നിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ആശുപത്രിയിൽ നിന്നും ഇറങ്ങിയ ശേഷമാണ് വീണ്ടും സമരം ആരംഭിക്കാൻ ശ്രീജിത്ത് തീരുമാനിച്ചത്.

ശ്രീജിത്തിന് ഇത്രയും ദിവസത്തെ സമരകാലത്ത് ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ധി വേദന, നടുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാലാണ് അമ്മയും സുഹൃത്തുക്കളും ചേർന്ന്​ ആശുപത്രിയിലെത്തിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു. 782 ദിവസവും വെയിലും മഴയും മഞ്ഞും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിലായിരുന്നു ശ്രീജിത്ത്. ഇതിനിടയിൽ മാസങ്ങളോളം നിരാഹാര സമരവും നടത്തിയിരുന്നു. ഇതെല്ലാം കൊണ്ട് ശരീരത്തിലുണ്ടാക്കിയ വേദനകളും അവശതകളും സഹിച്ചാണ് ശ്രീജിത്ത് ഇത്രയും ദിവസം സമരം മുന്നോട്ട് കൊണ്ടുപോയത്.

പൊലീസ് കംപ്ലെയ്‌ന്റ് അതോറിറ്റി കുറ്റക്കാരായി കണ്ടെത്തിയ പൊലീസുകാർ ഇപ്പോഴും ജോലിയിൽ തുടരുകയാണ്. അവർ ഹൈക്കോടതിയിൽ നിന്നും നേടിയെടുത്ത സ്റ്റേ പിൻവലിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം ഉയർന്നിരുന്നു.

ശ്രീജിത്തിന്റെ അനിയൻ ശ്രീജീവ് പാറശാല പൊലിസ് കസ്റ്റഡിയിൽ ദുരൂഹസാഹചര്യത്തിൽ 2014 ൽ മരണമടഞ്ഞിരുന്നു. ഈ സംഭവത്തിൽ ​കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മഴയും വെയിലും മഞ്ഞും കൊണ്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചത്. ഭരണം മാറി വന്നുവെങ്കിലും ശ്രീജിത്തിന് നീതി ലഭിച്ചില്ല.

അനുജൻ ശ്രീജീവിനെ പാറശാല പൊലീസ് കൊലപ്പെടുത്തിയതാണ് എന്നാരോപിച്ച് രണ്ട് വർഷത്തിലേറെയായി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിലാണ്. സമരം 750 ദിവസം ആയപ്പോൾ അച്ചടിമാധ്യമങ്ങളിലും പിന്നീട് ദൃശ്യ മാധ്യമങ്ങളിലും ശ്രീജിത്തിന്‍റെ സമരവുമായി ബന്ധപ്പെട്ട വാർത്തകൾ വന്നു 765 ദിവസം പിന്നിട്ടപ്പോഴാണ് സോഷ്യൽ മീഡിയ കൂട്ടായ്മ ശ്രീജിത്തിന് പിന്തുണയുമായി രംഗത്ത് വന്നത്. ഈ​ പിന്തുണ വലിയ ജനപിന്തുണയായി മാറിയതോടെ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് വീണ്ടും കത്തെഴുതി. ഇതേസമയം, ശ്രീജിത്ത് ഹൈക്കോടതിയെയും ഇതേ ആവശ്യമുന്നയിച്ച് സമീപിച്ചു. നേരത്തെ കേസ് അന്വേഷിക്കാൻ വിസമ്മതിച്ച സിബിഐ കേസ് അന്വേഷിക്കാം എന്ന് ഉറപ്പ് നൽകി. എന്നാൽ കേസ് അന്വേഷണം ആരംഭിക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു. പിന്നീട് അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ കേസ് തീർപ്പാക്കിയിട്ടേ സമരം അവസാനിപ്പിക്കുകയുളളൂ എന്ന് വ്യക്തമാക്കി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുകയാണ്.

2018 ജനുവരി 24 നാണ് സിബിഐ​ കേസ് റജിസ്റ്റർ ചെയ്തത്. 2014 മെയ് 19 -നാണ് ഏതോ പെറ്റി കേസുണ്ടെന്ന് പറഞ്ഞു നെയ്യാറ്റിൻകര കുളത്തൂർ സ്വദേശിയായ ശ്രീജീവിനെ പാറശാല പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പിറ്റേ ദിവസം പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജീവ് ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. ലോക്കപ്പിൽ വച്ച് ശ്രീജീവ് വിഷം കഴിച്ചു എന്നാണ് പൊലീസ് ഭാഷ്യം. അയൽവാസിയായ ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ശ്രീജീവിനെ പെൺകുട്ടിയുടെ ബന്ധുവായ പൊലീസുകാരന്‍റെ സഹായത്തോടെ അപായപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഇതു ചൂണ്ടിക്കാട്ടി സഹോദരനായ ശ്രീജിത്ത് സംസ്‌ഥാന പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്ക് പരാതി നൽകി. ശ്രീജീവ് പൊലീസ് കസ്റ്റഡിയിൽ വച്ച് വിഷം കഴിച്ചതായുള്ള പൊലീസിന്‍റെ വാദം പൊള്ളയാണെന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ശ്രീജീവിനെ പൊലീസ് മർദിച്ചു അവശനാക്കി വിഷം കഴിപ്പിച്ചതാണെന്നും സംസ്‌ഥാന പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി കണ്ടെത്തി. പാറശാല സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ഗോപകുമാറും, അഡിഷണൽ എസ്ഐ ഫിലിപ്പോസും, സിവിൽ പൊലീസ് ഓഫിസർമാരായ പ്രതാപ ചന്ദ്രൻ, വിജയ ദാസ് എന്നിവരാണ് ഇതിനു കാരണക്കാർ എന്നും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ടു മഹസർ തയാറാക്കിയ സബ് ഇൻസ്‌പെക്ടർ ഡി.ബിജുകുമാർ വ്യാജ രേഖ ചമച്ചതായും വ്യക്തമായി.

ഇതു സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തുന്നതിന് സംസ്‌ഥാന പൊലീസ് മേധാവിക്ക് കഴിഞ്ഞ വർഷം മേയിൽ (17/05/2015) നിർദേശം നൽകിയെങ്കിലും നാളിതുവരെ അന്വേഷണ സംഘംപോലും രൂപീകരിക്കാതെ വളരെ അലസമായ നിലപാടാണ് പൊലീസ് മേധാവിയും ആഭ്യന്തരവകുപ്പും ഈ വിഷയത്തിൽ എടുക്കുന്നത് എന്നാണു സഹോദരനായ ശ്രീജിത്ത് ആരോപിക്കുന്നത്. പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ഉത്തരവിട്ടതിൻ പ്രകാരം 10 ലക്ഷം രൂപ ശ്രീജിവിന്‍റെ കുടുംബത്തിന് അനുവദിച്ചു കിട്ടി. എന്നാൽ സഹോദരന്‍റെ മരണത്തിനു ഉത്തരവാദികളായവരെ നിയമപരമായി ശിക്ഷിക്കുന്നതുവരെ സമരം തുടരും എന്ന നിലപാടിൽ മുൻ സർക്കാരിന്‍റെ കാലത്ത് തന്നെ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചു. പുതിയ സർക്കാർ മാറി വന്നിട്ടും ഒന്നും ശരിയാകാത്ത സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം ശക്തിപ്പെടുത്തിയത്.

2017 ജനുവരി 30 മുതൽ മരണംവരെ നിരാഹാര സമരം തുടങ്ങിയിരുന്നു. സമരം രണ്ടാം മാസത്തിലേയ്ക്ക് കടന്നപ്പോൾ മാർച്ച് എട്ടിന് നടിയും സാമൂഹിക പ്രവർത്തകയുമായ പാർവ്വതി വിഷയത്തിൽ ഇടപെട്ടു. ലോക വനിതാ ദിനത്തിൽ ശീജിത്തിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാർവ്വതി അന്ന് സെക്രട്ടേറിയറ്റിന് മുന്നിലെത്തി. ശ്രീജിത്തിനൊപ്പം നിരാഹാരമിരിന്നു. പി.സി.ജോർജ് എംഎൽഎ​ ഉൾപ്പടെയുളളവർ വിഷയത്തിൽ​ ഇടപെട്ടു. അന്ന് സർക്കാർ ഉറപ്പുകൾ നൽകിയെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. തുടർന്ന് ശ്രീജിത്ത് സമരം തുടരുകയായിരുന്നു. ആ സമരത്തിനൊടുവിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sreejith started strike again before secretariat

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express