തിരുവനന്തപുരം: സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിന് നീതി ലഭിച്ചേക്കും. ശ്രീജിത്തിന്റെ സഹോദരൻ നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്‍റെ കസ്റ്റഡിമരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാന്‍ പറ്റില്ലെന്ന സിബിഐ നിലപാട് പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇതുസംബന്ധിച്ച് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കത്തെഴുതാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.

ശ്രീജിവിന്‍റെ കസ്റ്റഡി മരണത്തിന്‍റെ പ്രശ്നത്തില്‍ സമരം നടത്തുന്ന സഹോദരന്‍ ശ്രീജിത്തിനോട് അനുഭാവപൂര്‍ണ്ണമായ നിലപാടാണ് സര്‍ക്കാരിനുള്ളത് എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ശ്രീജിത്തിന്‍റെ ആവശ്യപ്രകാരം സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാനം നേരത്തെ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം അത് നിരസിക്കുകയാണ് ചെയ്തത്.

കേസ് സിബിഐ ഏറ്റെടുക്കില്ലെന്നാണ് മറുപടി ലഭിച്ചതെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ മറുപടിയാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. അപൂര്‍വ്വവും അസാധാരണവുമായ ഒരു കേസായി ഇതിനെ കാണുന്നില്ലെന്നാണ് സിബിഐ അറിയിച്ചത്.

2014 ല്‍ ആണ് ശ്രീജിത്തിന്‍റെ സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍ മരണപ്പെടുന്നത്. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലൈന്‍റ് അതോറിറ്റി കണ്ടെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.

സെക്രട്ടേറിയറ്റിന് മുന്നില്‍ 764 ദിവസമായി തുടരുന്ന ശ്രീജിത്തിന്റെ സമരം വലിയ വാര്‍ത്തയായതോടെയാണ് സർക്കാരിന്റെ ഇടപെടൽ. ഓരോ ദിവസം കഴിയുന്തോറും ശ്രീജിത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.