തിരുവനന്തപുരം: ശ്രീജിവിന്റെ മരണം സംബന്ധിച്ച മുഴുവൻ രേഖകളും നൽകാൻ ഗവർണർ ആവശ്യപ്പെട്ടു. ശ്രീജിവിന്റെ അമ്മ രമണി പ്രമീള രാജ് ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. തുടർന്നാണ് ഗവർണർ പി.സദാശിവം ഇത് സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണത്തിനുളള പിന്തുണ ഉണ്ടാകുമെന്നും ഗവർണർ അമ്മയ്ക്ക് ഉറപ്പ് നൽകി.

ശ്രീജിവിന്രെ മരണം പൊലീസ് നടത്തിയ കൊലപാതകമാണെന്നും പൊലീസ് കംപ്ലൈന്ര് അതോറിറ്റി കുറ്റക്കാരായി പൊലീസുകാരെ കണ്ടെത്തിയിട്ടുണ്ടെന്നും സഹോദരൻ ശ്രീജിത്ത് പറഞ്ഞു. 765 ദിവസത്തിലേറെയായി നീതി തേടി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലുളള ആയിരങ്ങൾ ശ്രീജിത്തിന് പിന്തുണയേകി തിരുവനന്തപുരത്ത് വന്നു. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേരുടെ പിന്തുണയും ശ്രീജിത്തിന് ലഭിച്ചു.

മൂന്ന് വർഷം മുമ്പ് 2014 മെയ് 19നാണ് നെയ്യാറ്റിൻകര കുളത്തൂർ സ്വദേശിയായ ശ്രീജീവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. 21 ന് ശ്രീജീവ് മരിച്ചു.

ശ്രീജിവിന്റേത് കസ്റ്റഡി മരണമെന്ന് പൊലീസ് കംപ്ലൈന്റ് അതോറിറ്റി മുൻ ചെയർമാനും റിട്ട. ജഡ്‌ജിയുമായ കെ.നാരായണകുറുപ്പ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. കസ്റ്റഡിയിൽ നടന്ന കൊലപാതകം മറച്ചുവയ്ക്കാൻ പൊലീസ് കളള തെളിവുണ്ടാക്കിയതായും നാരായണകുറുപ്പ് വ്യക്തമാക്കി. തന്രെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ അവ്യക്തത ഉണ്ട്. അത് നീക്കം ചെയ്യാൻ സർക്കാർ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ