വാരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ നടപടി. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത മൂന്ന് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. എസ്ഐക്കെതിരെ തത്കാലം നടപടി എടുത്തില്ല.

മരിച്ച ശ്രീജിത്ത് വീട് ആക്രമിച്ച കേസിലെ പ്രതിയായിരുന്നില്ലെന്നും സംഭവത്തില്‍ ശ്രീജിത്തിന് പങ്കില്ലെന്നും ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍ വാസുദേവന്റെ മകന്‍ വിനീഷ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പൊലീസ് രംഗത്തെത്തി.

ആക്രമണത്തില്‍ ഉണ്ടായിരുന്നത് മറ്റൊരു ശ്രീജിത്തായിരുന്നു എന്നാണ് വിനീഷ് പറഞ്ഞത്. മരിച്ച ശ്രീജിത്തിന് വീട് ആക്രമിച്ച സംഭവത്തില്‍ ബന്ധമില്ലെന്നും വിനീഷ് പറഞ്ഞു. അതേസമയം, മരിച്ച ശ്രീജിത്ത് തന്റെ സുഹൃത്തായിരുന്നുവെന്നും വിനീഷ് പറഞ്ഞു. ഇയാളുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലായിരുന്നുവെന്നും പൊലീസിനോട് ശ്രീജിത്തിന്റെ പേര് പറഞ്ഞിരുന്നില്ലെന്നും വിനീഷ് പറഞ്ഞു.
അതേസമയം ശ്രീജിത്ത് ആശുപത്രിയില്‍ മരണപ്പെട്ട സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്തിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് തലവനായുള്ള അന്വേഷണ സംഘത്തില്‍ കോസ്റ്റല്‍ സെക്യൂരിറ്റി ഡി.ഐ.ജി. കെ.പി. ഫിലിപ്പ്, ക്രൈംബ്രാഞ്ച് അനാലിസിസ് വിഭാഗം എസ്. പി. കെ.എസ്. സുദര്‍ശന്‍, ക്രൈംബ്രാഞ്ച് എച്ച്.എച്ച്.ഡബ്ള്യു വിഭാഗം ഡി.വൈ.എസ്.പി ജോര്‍ജ് ചെറിയാന്‍ (അന്വേഷണ ഉദ്യോഗസ്ഥന്‍), കാക്കനാട് ഇന്‍ഫോപാര്‍ക്ക് വനിതാ ഇന്‍സ്പെക്ടര്‍ പി.കെ. രാധാമണി, എളമക്കര സബ് ഇന്‍സ്പെക്ടര്‍ പ്രജീഷ് ശശി, ഏലൂര്‍ സബ് ഇന്‍സ്പെക്ടര്‍ എ. എല്‍ അഭിലാഷ് എന്നിവര്‍ അംഗങ്ങളാണ്.

ഇതു സംബന്ധിച്ച് വരാപ്പുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണ സംഘത്തിന് അടിയന്തരമായി കൈമാറാനും സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. ഇതോടൊപ്പം ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ കാരണമായ കേസുകളായ ക്രൈം നമ്പര്‍ 310/2018, 312/2018 എന്നീ കേസുകളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. കേസില്‍ നിഷ്പക്ഷവും നീതിപൂര്‍വ്വകവും ശാസ്ത്രീയവുമായ വിദഗ്ധ അന്വേഷണം ഉറപ്പാക്കുമെന്നും ലോകനാഥ് ബെഹ്റ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ